കേരളത്തിലെ കോണ്‍ഗ്രസിന് ഒരു പുതിയ നേതൃത്വം. കുറെ നാളായി ഈ പുനഃസംഘടനയെക്കുറിച്ച് നാം കേള്‍ക്കുന്നു. വിഎം സുധീരന്‍ സ്ഥാനമൊഴിഞ്ഞ് പോയത് മുതല്‍ അഡ്ഹോക് സംവിധാനമാണ്; എംഎം ഹസ്സന്‍ പ്രസിഡന്റ് പദം വഹിച്ചുപോരുകയായിരുന്നുവല്ലോ. താന്‍ മുട്ടുശാന്തിക്കാരനല്ല എന്നൊക്കെ ഹസ്സന്‍ പറയാറുണ്ടായിരുന്നു എന്നത് ശരി. താല്‍ക്കാലികമായി, പകരക്കാരനായി, വരുന്നവര്‍ ഒക്കെ അങ്ങിനെയാണ് പറയാറുള്ളത്; അത് പറഞ്ഞുനടക്കുന്നതാവട്ടെ, സ്വന്തം സ്ഥാനം എത്രനാളത്തേക്ക് എന്ന് തീര്‍ച്ചയില്ലാത്തത് കൊണ്ടും. അത്തരം ‘അഡ്ഹോക് രാഷ്ട്രീയക്കാരെ’ കേരളത്തില്‍ നാം മുന്‍പും കണ്ടിട്ടുണ്ടല്ലോ. ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി പുനഃ സംഘടിപ്പിച്ചിരിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായി; വര്‍ക്കിങ് പ്രസിഡന്റുമാരായി മൂന്ന് പേര്‍: കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്. പ്രചാരണ സമിതി അധ്യക്ഷനായി കെ മുരളീധരനും. ഇവരൊക്കെ കഴിവില്ലാത്തവരാണ് എന്നൊന്നും ആരും പറയുമെന്ന് തോന്നുന്നില്ല. അനവധി വര്‍ഷത്തെ പൊതുജീവിതം സ്വന്തമായുള്ളവര്‍. എന്നാല്‍ അതുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമോ?.
ഇന്ന് ഏറ്റവുമാവശ്യം, മാറിനിന്ന് കാര്യങ്ങളെ കാണുന്ന ഒരാള്‍ എന്ന നിലക്ക് തോന്നുന്നത് , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കാനാവുന്ന ഒരു കൂട്ടം നേതാക്കളെയല്ലേ?. അത് പ്രദാനം ചെയ്യാന്‍ മുല്ലപ്പള്ളിക്ക് കഴിയുമോ?. യഥാര്‍ഥത്തില്‍ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് പുതിയൊരു ഗ്രൂപ്പ് സംവിധാനം രൂപമെടുക്കുകയല്ലേ ഇവിടെ ഇനി ഉണ്ടാവുക?. നിലവില്‍ നേതൃത്വത്തിലുള്ള പലര്‍ക്കും ഇതൊരു വെല്ലുവിളി അല്ലെ ഉയര്‍ത്തുക?. എന്തായാലും ഇപ്പോള്‍ ഇതൊക്കെ സാര്‍വത്രികമായി സ്വാഗതം ചെയ്യപ്പെടും എന്ന് കരുതിയത് തെറ്റിക്കഴിഞ്ഞു. അഭിപ്രായ ഭിന്നതകള്‍ തലപൊക്കി വരുന്നത് കേരളം കണ്ടിട്ടില്ലല്ലോ.
വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്, ഗ്രൂപ്പിസമാണ് കേരളത്തിന്റെ പ്രശ്‌നം എന്നാണ്. അന്ന് എകെ ആന്റണിയുടെ ആശീര്‍വാദവും അതിനുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഒരു കിംഗ് മേക്കര്‍ ഒക്കെയാണെങ്കിലും കേരളത്തിലെ കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കിട്ടെടുക്കുകയായിരുന്നു എന്നത് ആര്‍ക്കാണ് അറിയാത്തത്. വല്ലപ്പോഴും വന്ന് ഒരു പ്രസ്താവന നടത്തി, അല്ലെങ്കില്‍ ഉദ്‌ബോധിപ്പിച്ച്, അടുത്ത ഫ്‌ലൈറ്റില്‍ മടങ്ങാനെ അന്ന് ആന്റണിക്കായിരുന്നുള്ളു. സുധീരനെ കൊണ്ടുവന്ന് ഉമ്മന്‍ചാണ്ടി- ചെന്നിത്തല കൂട്ടുകെട്ട് പൊളിക്കാമെന്ന് അദ്ദേഹം കരുതി. ഗ്രൂപ്പുകള്‍ക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് സുധീരന്‍ പലതും ചെയ്തു; പക്ഷെ ആത്യന്തികമായി എന്താണ് സംഭവിച്ചത്. ബാര്‍ കോഴ വരെയുള്ള യുഡിഎഫിനെ തകര്‍ത്ത സംഭവങ്ങള്‍ ആ വ്യക്തിയെടുത്ത നിലപാടുകളുടെ ഫലമായുണ്ടായതല്ലേ ?. അതാണല്ലോ കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്ന് പിഴുതെറിഞ്ഞത്?. തിരിഞ്ഞുനോക്കൂ, കേരള രാഷ്ട്രീയത്തിലേക്ക് ………. സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അത് ബോധ്യമാവുമല്ലോ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒരു പ്രസിഡന്റ് ആത്യന്തികമായി ചെയ്യേണ്ടത്. ഏത് പാര്‍ട്ടിയിലായാലും അതാണ് വേണ്ടത്. മറിച്ച് സ്വന്തം പ്രതിച്ഛായ, സ്വന്തം കഴിവ് എന്നൊക്കെ വിടുവായത്തം പറഞ്ഞുനടന്നാല്‍ ആരും കൂടെയുണ്ടാവില്ല. അത് പാര്‍ട്ടിക്കും വിനയായിത്തീരും. അതില്‍ നിന്ന് സുധീരന്മാര്‍ മാത്രമല്ല ഇത്തരക്കാരെ ചുമതലകള്‍ ഏല്‍പ്പിക്കുന്നവരും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.
ഇന്നിപ്പോള്‍ നമ്മുടെ മുന്നിലുള്ളത് മുല്ലപ്പള്ളിയാണ്. അദ്ദേഹം ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. കെ കരുണാകരന്റെ ‘സ്വന്തമാള്‍’ എന്ന നിലക്കാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലെത്തിയത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. പിന്നീട് എംപിയായി. 1984 മുതല്‍ ഇതുവരെ ഏതാണ്ട് അദ്ദേഹം ലോകസഭയിലുണ്ട്; ഇടക്ക് ഒരു തവണ ഒഴികെ. കണ്ണൂരില്‍ നിന്നാണ് അതിലേറെയും ജയിച്ചുവന്നത് എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. അവസാനം വടകരയില്‍നിന്നും. ഇതൊക്കെ ആണെങ്കിലും സംസ്ഥാനത്ത് ആര്‍ക്കും വേണ്ടാത്ത നേതാവായി വളരെ വേഗമാണ് അദ്ദേഹം മാറിയത്. കരുണാകരനില്‍ നിന്ന് അകന്നു. അതേസമയം വേറെ ആരുടേയും സ്വന്തക്കാരനാവാന്‍ കഴിഞ്ഞതുമില്ല. ‘കരുണാകര ഭവന’ത്തില്‍ നിന്ന് അദ്ദേഹത്തെ കുടിയിറക്കുവാന്‍ ശ്രമിച്ചതില്‍ രമേശ് ചെന്നിത്തലക്കും മറ്റും ഒരു റോളുണ്ട് എന്ന് ഐ ഗ്രൂപ്പുകാര്‍ പറയാറുണ്ട്. ചെന്നിത്തല പ്രഭൃതികള്‍ കരുത്തരായത് ആ ഗ്യാപ്പിലാണ് എന്നും. എന്നാല്‍ എകെ ആന്റണി ഡല്‍ഹിയില്‍ ശക്തവാനായത് മുല്ലപ്പള്ളിക്ക് സഹായകരമായി. കേരളത്തില്‍, നേരത്തെ സൂചിപ്പിച്ചത് പോലെ, ഉമ്മന്‍ ചാണ്ടി- ചെന്നിത്തലമാര്‍ പത്തിവിടര്‍ത്തി ആടിയപ്പോള്‍ ആന്റണി അടുത്തുകൂട്ടിയവരില്‍ മുല്ലപ്പള്ളിയും പെട്ടു. അങ്ങിനെയാണ് യുപിഎ കാലഘട്ടത്തില്‍ കേന്ദ്ര മന്ത്രിസഭയിലെത്തിയത്. ഹൈക്കമാന്‍ഡിന്റെ സ്വന്തമാവാന്‍ അത് വഴിയൊരുക്കി; കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയും മുല്ലപ്പള്ളിക്ക് ആയിരുന്നുവല്ലോ.
മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാവുന്നു എന്ന് എത്രയോ കാലമായി കേള്‍ക്കുന്നുണ്ട്. ഇവിടെ പ്രസിഡന്റിനെ നിയമിക്കുന്നത് ചര്‍ച്ചചെയ്യപ്പെട്ടപ്പോഴൊക്കെ, ചെന്നിത്തല പിസിസി പ്രസിഡന്റായ കാലം മുതല്‍ എന്ന് പറയാമെന്ന് തോന്നുന്നു, ഉയര്‍ന്നുവന്ന പ്രധാന പേരുകളില്‍ ഒന്നാണിത്. പക്ഷെ കേരളത്തില്‍ ഗ്രൂപ്പുകളൊക്കെ ഒറ്റക്കെട്ടായി അദ്ദേഹത്തെ എതിര്‍ത്തു ; അവസാനം ഓരോ തവണയും മറ്റ് ആരെങ്കിലും കയറിക്കൂടി. അത് യഥാര്‍ഥത്തില്‍ ഹൈക്കമാന്‍ഡിന്റെ പരാജയമായിരുന്നില്ല മറിച്ച് എകെ ആന്റണിക്കുണ്ടായ തിരിച്ചടിയായിരുന്നു എന്നതോര്‍ക്കുക. വിഎം സുധീരനായിരുന്നില്ല ആന്റണിയുടെ നോമിനി ; അന്നും മുല്ലപ്പള്ളിയായിരുന്നു. ഇപ്പോള്‍ തന്റെ ആഗ്രഹം നടപ്പിലാക്കാന്‍ എകെ ആന്റണിക്കായിരിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ആന്റണി നേടിയ മേല്‍ക്കൈ ആണ്. മറ്റൊന്ന് കൂടി നോക്കൂ, കൊടിക്കുന്നില്‍ സുരേഷ്, ആരുടെ ആളാണ്. സംശയമില്ല, ആന്റണിയുടെ വിശ്വസ്തന്‍. കെ മുരളീധരന്‍, ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിലാണ് എങ്കിലും ആന്റണിക്ക് വേണ്ടപ്പെട്ടയാളാണ് . മാത്രമല്ല മുരളിയുടെ പുതിയ സ്ഥാനാരോഹണത്തിലൂടെ രമേശ് ചെന്നിത്തലക്ക് കടുത്ത ഭീഷണിയാണ് ഹൈക്കമാന്‍ഡും ആന്റണിയും ഉയര്‍ത്തുന്നത്. ഉമ്മന്‍ ചാണ്ടി നേരത്തെ കേരളത്തില്‍ നിന്ന് വിടപറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പദത്തിന് ഇനി വേറെ അവകാശികള്‍ ഉണ്ടാവില്ല എന്ന് കരുതിയിരുന്നയാളാണ് ചെന്നിത്തല എന്നതോര്‍ക്കുക. അതൊക്കെ ഇനി എന്താവുമെന്ന് കണ്ടുതന്നെയറിയണം. മറ്റൊരു ശക്തികേന്ദ്രം കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്താല്‍ ഐ ഗ്രൂപ്പ് തനിക്ക് അന്യമായിക്കൂടായ്കയില്ല എന്ന് ചെന്നിത്തല നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
കെ സുധാകരന്‍, എംഐ ഷാനവാസ് എന്നിവരാണ് മറ്റ് രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെപിസിസി പ്രസിഡന്റാവാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു സുധാകരന്‍ എന്നതാര്‍ക്കാണ് അറിയാത്തത്. കേരളത്തില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്കാന്‍ കഴിയുന്ന നേതാവായി അദ്ദേഹത്തെ സാധാരണ കോണ്‍ഗ്രസുകാര്‍ കാണുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ഗ്രൂപ്പുകാരും അനുകൂലിച്ചില്ല എന്നുമാത്രമല്ല എതിര്‍ക്കുകയും ചെയ്തു. സുധാകരനെ അവരൊക്കെ പേടിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയരംഗത്ത് തന്റെ ശത്രു എന്ന് സ്വയം കരുതിപ്പോരുന്ന മുല്ലപ്പള്ളിക്ക് കീഴില്‍ ഇങ്ങനെ ഇരിക്കണോ എന്നത് സുധാകരന്റെ മുന്നില്‍ വലിയ ചോദ്യചിഹ്നം തന്നെയാവും.
മറ്റൊരാള്‍, ബെന്നി ബെഹനാന്‍ ആണ്. എ ഗ്രൂപ്പിന്റെ കരുത്തനായ വക്താവ്. ഇവിടെ ശ്രദ്ധിക്കേണ്ടത്, ഇപ്പോള്‍ പ്രഖ്യാപിച്ച പേരുകളില്‍ ഒരു കൃസ്ത്യാനി ഇല്ല എന്നതാണ്. ആ പദവി ഇനി ബെന്നിക്ക് ആവും. അതായത് കേരളത്തിലെ കോണ്‍ഗ്രസിലെ ക്രൈസ്തവ മുഖമായിട്ടാവും അദ്ദേഹം യുഡിഎഫ് കണ്‍വീനറാവുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്നിട്ടും സീറ്റ് നിഷേധിക്കപ്പെട്ട ആളാണ് ബെന്നി ബഹനാന്‍ എന്നതുമോര്‍ക്കുക.
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മാസങ്ങളെ ബാക്കിയുള്ളു. ആ സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ, മുന്നണിയെ, വിജയത്തിലേക്ക് നയിക്കുക എന്നത് എളുപ്പമല്ല ഇന്നിപ്പോള്‍ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അത്രക്ക് ദുര്‍ബ്ബലമാണ് കോണ്‍ഗ്രസ് , കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും. ഈ വേളയില്‍ ആ വെല്ലുവിളി ഈ പുതിയ നേതാക്കള്‍ എങ്ങിനെ ഏറ്റെടുക്കുമെന്ന് കാത്തിരുന്ന് കാണാം. ഉമ്മന്‍ ചാണ്ടി ദേശീയരാഷ്ട്രീയത്തിലേക്ക് ചേക്കേറിയതോടെ ഇവിടെ ഒരു നേതൃത്വ പ്രശ്‌നവും ഉണ്ടായിട്ടുണ്ട്; ജനങ്ങള്‍ അംഗീകരിക്കുന്ന നേതാക്കളുടെ അഭാവം. അത് നികത്താന്‍ ഒരു പക്ഷെ ആന്റണി ഇവിടെ നില്‍ക്കേണ്ടതായി വന്നാല്‍ അതിശയിക്കാനില്ല. അപ്പോഴും പറയട്ടെ, ഗ്രൂപ്പില്ലാത്തയാള്‍ എന്നുപറഞ്ഞുവന്നവരൊക്കെ എന്നും ബാധ്യതയായിട്ടേയുള്ളു….. ആര്‍ക്കും. അത് കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണല്ലോ.
Post Your Comments