KeralaLatest NewsNews

നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മുല്ലപ്പള്ളി

യുവജനതയെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

തിരുവനന്തപുരം : പിഎസ്‌സി നിയമനങ്ങളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന കള്ളക്കണക്കാണ് മുഖ്യമന്ത്രി പറയുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസില്‍ 12,239 നിയമനം നടന്നിട്ടുണ്ടെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അത് 4791 ആയി കുറച്ചു കാണിച്ചു. എന്തിനാണ് മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചു പിടിച്ച് പൊതുജനത്തിനെ കബളിപ്പിയ്ക്കാന്‍ ശ്രമിക്കുന്നത്. യുവജനതയെ വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. അനര്‍ഹരായ നിരവധിപ്പേരെ പിന്‍വാതില്‍ വഴി നിയമിച്ചു. അത്തരം നിയമനങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കണ്ണൂര്‍ ലോബി പലര്‍ക്കും ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ അത് പൂര്‍ണ്ണമായും പാലിക്കാനായില്ല. അതുകൊണ്ടാണ് അധികാരം കിട്ടിയാല്‍ പിന്‍വാതില്‍ നിയമനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇത് ധാര്‍ഷ്ട്യമാണ്. എല്ലാ ഏകാധിപതികളുടെയും പതനകാലം ഇങ്ങനെ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button