ആലപ്പുഴ: സ്വത്തെല്ലാം സ്വന്തം പേരിലാക്കിയതിനുശേഷം അമ്മമാരെ മക്കൾ ഉപേക്ഷിച്ചുകളയുന്ന കേസുകളിൽ ആശങ്ക അറിയിച്ച് വനിത കമ്മീഷൻ. മക്കളോടുള്ള അമിത വാത്സല്യം കാരണം സ്വത്തുവകകളെല്ലാം അവർക്ക് എഴുതി നൽകുന്ന അമ്മമാരുടെ എണ്ണം കൂടുന്നുണ്ട്. ഇത് അമ്മമാരുടെ ദൗർബല്യമായി കണക്കാക്കി അവരെ നട തള്ളുന്ന കേസുകൾ ജില്ലയിൽ വർധിക്കുകയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. നാല് ആൺമക്കളുള്ള അമ്മ സംരക്ഷണമാവശ്യപ്പെട്ട് കമ്മീഷന് മുന്നിലെത്തിയ കേസ് പരിഗണിക്കുമ്പോഴാണ് ഈ നിരീക്ഷണമുണ്ടായത്. 26 സെന്റ് സ്ഥലം സ്വന്തം പേരിലുണ്ടായിരുന്ന അമ്മയ്ക്കാണ് ഒടുവിൽ താമസിക്കാൻ ഇടമില്ലാതായത്. നിലനിൽപ്പുപോലും ഓർക്കാതെയാണ് അമ്മമാർ മക്കൾക്ക് സ്വത്തെഴുതി നൽകുന്നത്. അവസാനം താമസിക്കാൻ ഇടമില്ലാതെ പോലീസ് സ്റ്റേഷനുകളിലും അദാലത്തുകളിലും കയറിയിറങ്ങി നടക്കുകയാണ് വയോധികർ. വയോജന സംരക്ഷണ നിയമം ശക്തമാക്കിയാൽ മാത്രമേ ഇതിന് അവസാനമുണ്ടാകുവെന്നും കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ആലപ്പുഴയിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ പറഞ്ഞു
ഇത്തരം കേസുകളിൽ എതിർവാദികളെ ഹാജരാക്കാൻ ജില്ല പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും കമ്മീഷൻ അറിയിച്ചു.പതിവിന് വിപരീതമായി അമ്മായച്ഛന്മാർ പ്രതിസ്ഥാനത്താകുന്ന കേസുകളും കൂടുന്നതായി കമ്മീഷൻ അറിയിച്ചു.സ്ത്രീകൾക്ക് ലഭിച്ചിരുന്ന സംരക്ഷണ നിയമം (ഐ.പി.സി 498(എ) പുനസ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്നും കമ്മീഷൻ പറഞ്ഞു.കേസിൽ കമ്മീഷനും കക്ഷി ചേർന്നിരുന്നു.നിയമം മരവിപ്പിച്ചതിനെതുടർന്ന് അനേകം സ്ത്രീകൾക്ക് അതിക്രമങ്ങളേൽക്കേണ്ടി വന്ന കേസുകളും അധ്യക്ഷ ചൂണ്ടിക്കാട്ടി.
ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 70 കേസുകളാണ് പരിഗണിച്ചത്. 22 എണ്ണം തീർപ്പാക്കി. 11 കേസുകളിൽ പോലീസിനോട് റിപ്പോർട് തേടി. 37 കേസുകളിൽ പരാതിക്കാരോ എതിർഭാഗമോ ഹാജരായില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്മീഷനംഗങ്ങളായ എം.എസ്.താര, ഷിജി ശിവജി, ഷാഹിദ കമാൽ തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments