KeralaLatest NewsNews

തൊഴിൽ ഏജൻസികളുടെ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : വനിതാ കമ്മീഷൻ

തിരുവനന്തപുരം: ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുന്ന ഏജൻസികൾക്കെതിരെ സ്ത്രീകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ അധ്യക്ഷ. എറണാകുളം ജില്ലയിൽ ഇത്തരം ഏജൻസികളുടെ പ്രവർത്തനം സജീവമാണെന്നും ഏജൻസികളെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു.

Read Also: ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും വിജയമാണ് നവകേരള സദസ്സിലെ ബഹുജന പങ്കാളിത്തം: മുഖ്യമന്ത്രി

ഗാർഹിക ചുറ്റുപാടുകളിൽ ഉണ്ടാകുന്ന പീഡനത്തിനെതിരെ നിരവധി പരാതികളാണ് കമ്മിഷൻ മുൻപാകെ ലഭിക്കുന്നത്. വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയാണെന്നാണ് കമ്മീഷൻ മുൻപാകെ വരുന്ന പരാതിയിൽ നിന്നും വ്യക്തമാകുന്നത്. ശമ്പളം നൽകാതിരിക്കൽ, ജോലിയിൽ നിന്നും പിരിച്ചുവിടൽ, മേലുദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം തുടങ്ങി ഔദ്യോഗിക തലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി ആഭ്യന്തര പരിഹാര കമ്മിറ്റികൾ രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കമ്മീഷനു മുൻപാകെ വരുന്ന പരാതികൾ പരിശോധിക്കുമ്പോൾ ആഭ്യന്തര പരിഹാര കമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥാപനങ്ങൾ നിലവിലുണ്ടെന്നു ബോധ്യപ്പെട്ടു. ഓരോ സ്ഥാപനങ്ങളിലും ആഭ്യന്തര പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനായി കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേകം പബ്ലിക് ഹിയറിങ്ങുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് വനിത കമ്മീഷൻ അറിയിച്ചു.

ജില്ലാതല സിറ്റിങ്ങിൽ 108 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 16 കേസുകൾ തീർപ്പാക്കി. 10 കേസുകളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. ആറു കേസുകൾ കൗൺസിലിങ്ങിന് നിർദേശിച്ചു. ബാക്കി കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി. കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Read Also: വൈദ്യുത കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അമ്മയും കുഞ്ഞും മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button