കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ അറസ്റ്റ് കോടതിയുടെ തീരുമാനപ്രകാരമായിരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികൾ പൊരുത്തപ്പെട്ടാൽ ബുധനാഴ്ച അറസ്റ്റുണ്ടാവുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി.
ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യമുണ്ടായാൽ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 10-നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുള്ളത്. എന്നാൽ രാവിലെ ഏഴുമണിക്ക് മാത്രമേ ചോദ്യം ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് ബിഷപ്പിനോട് പറയുകയുള്ളൂ.
വൈക്കം ഡിവൈ.എസ്.പി. ഓഫീസിൽ തന്നെയാകും ചോദ്യംചെയ്യൽ. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായാൽ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റും. ചോദ്യംചെയ്യലിനുശേഷം വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നൽകാനാണ് സാധ്യത. അതിന് ശേഷമേ കോടതിയുടെ തീരുമാന പ്രകാരമുള്ള അറസ്റ്റ് ഉണ്ടാകൂ.
Post Your Comments