എരമംഗലം: ചേലാകര്‍മം നടത്തുന്നതിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. മെഡിക്കല്‍സംഘം വെള്ളിയാഴ്ച ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് 24 മണിക്കൂറിനകം ആശുപത്രി അടച്ചുപൂട്ടണമെന്ന ഉത്തരവ് മെഡിക്കല്‍സംഘം അധികൃതര്‍ക്ക് നല്‍കിയത്.
മാറഞ്ചേരി സ്വദേശികളായ നൗഷാദ്- ജമീല ദമ്പതികളുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മം ഈ ആശുപത്രിയില്‍ ഏപ്രില്‍ 18-നാണ് നടത്തിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് ആഴത്തില്‍ മുറിവു പറ്റി മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ചങ്ങരംകുളം, തൃശ്ശൂര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരമിട്ടു. ജമീല കെവിഎം ആശുപത്രിക്കെതിരേ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാരവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു.
Post Your Comments