വിവാഹമോചിത എന്ന് എങ്ങനെ പറയും..,ലോകത്തോട്…!?
ഈ ഒരൊറ്റ ഭയം കൊണ്ട് , വിവാഹജീവിതത്തിൽ നിന്നും പുറത്തു കടക്കാൻ ആകാതെ , ഇഞ്ചിഞ്ചായി പീഡനം അനുഭവിക്കുന്ന ഒരുപാടു സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ..
ഇന്ന് എന്നോട് ഒരു പെൺകുട്ടി അതേ പറ്റി ചോദിച്ചു..
പുരുഷന് ആ ഭയം ഇല്ല..
ഭാര്യയെ കൊള്ളില്ല , അങ്ങ് കളഞ്ഞു..!!
ആ ഒരു പ്രസ്താവനയിൽ അവൻ സുരക്ഷിതൻ ആണ്..
എന്നാൽ ,മറുവശത്തുള്ള സ്ത്രീയുടെ മറ്റൊരു നരകം അവിടെ തുടങ്ങുക ആയി..
ഇനി അവൾ ആണ് ആ പ്രസ്താവന നടത്തിയത് എങ്കിലോ..?
അഹങ്കാരി..
ഭാര്തതാവിനെ കളഞ്ഞുന്നു..!
ഫെമിനിസം തലയ്ക്കു പിടിച്ചാൽ എന്താ ചെയ്ക..?
ഇതാണ് പൊതുവെ ഭയപ്പെടുന്ന സാമൂഹിക കാഴ്ചപ്പാട്..
എങ്കിൽ , ഇന്ന് അതിൽ നിന്നൊക്കെ മാറ്റം വന്നു എന്നതാണ് സത്യം…
സമൂഹവ്യവസ്ഥിതിയെ തകിടം മറിക്കുന്ന വിപ്ലവം സൃഷ്‌ടിക്കാനല്ല ,
പലരും വിവാഹജീവിതത്തിൽ നിന്നും പിന്മാറുന്നത്..
ആശ്രയവും ആശ്വാസവും ആയിരിക്കണം പങ്കാളി..
മനുഷ്യ ജീവിതത്തിൽ , തെറ്റുപറ്റാത്ത ആരുമില്ല..
പക്ഷെ ,എത്ര കുറവുകൾ സംഭവിച്ചാലും ,
ഒരൽപം അലിവ് കൂടെ ജീവിക്കുന്നവരുടെ നേർക്ക് ഉണ്ടാകണം..
ഹൃദയത്തിന്റെ സ്ഥാനത്തു ഈയക്കട്ടി എന്ന് വന്നാൽ ,
പങ്കാളിക്ക് ഓരോ നിമിഷവും ആത്മാവിനെ പിളർക്കുന്ന ദുഃഖം ആകും സമ്മാനിക്കാൻ ആകുക..
വിവാഹേതര ബന്ധങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ അത്തരം ഒരു കേസ് ഉദാഹരണമായി എടുക്കാം..
ഭാര്തതാവിനെ അത്ര മേൽ സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു..
ദുരന്തം ആയി മറ്റൊരുവൾ വരുന്നത് വരെ..
അതെ..!
അവളാണ് ”അവളുടെ” ശത്രു..
ഭാര്യ എന്ന നിലയ്ക്ക് അഭിമാനത്തിന് മുറിവേൽക്കും..
ഇന്നത്തെ ആധുനിക ലോകത്ത് ,
സ്ത്രീയും പുരുഷനും സുഹൃത്തുക്കളയായി ഇരിക്കുക പുതുമ അല്ല..
പക്ഷെ,അത് കുടുംബം കലക്കാൻ ഉള്ള സൗഹൃദം ആയി തീരുമ്പോൾ ആണ് വിഷം കലരുന്നത്..
പങ്കാളികളെ തമ്മിൽ ബന്ധിച്ചിരിക്കുന്ന സ്നേഹത്തിന്റെ കണ്ണികൾ അയഞ്ഞു തുടങ്ങും..
പഴയ കാമുകി , ”ജാര” ആയി എത്തുമ്പോൾ
തുടക്ക കാലത്തു , മനസ്സിനകത്തു ഭാര്യയെ , കുഞ്ഞിനെ വഞ്ചിക്കുന്നതിന്റെ കുറ്റബോധം ഉണ്ടായിരുന്നിരിക്കാം..
ക്രമേണ അതൊക്കെ പാറി പറന്നു പോകും..
അതിനു ഇര ആകുമ്പോൾ അനുഭവിക്കുന്ന
അവഗണന , പരിഹാസം ,കുറ്റപ്പെടുത്തൽ..!
ദുർഗന്ധം വമിക്കുന്ന കാറ്റ് അന്തരീക്ഷം മുഴുവൻ ആഞ്ഞടിക്കും..
ചെവിയിൽ വിരലുകൾ തിരുകി കണ്ണടച്ച് കിടന്നാലും ,
ആ ഇരമ്പൽ കേൾക്കാം…
മനസ്സിന്റെ മൗഢ്യം നിസ്സഹായത കൂട്ടും..
ജീവിതത്തിലെ ഏറ്റവും വലിയ നിർണായഘട്ടം അതാണ്..
ഇത്ര നാൾ , സ്നേഹം നൽകിയത് സ്വപ്നങ്ങളെ നശിപ്പിക്കാൻ പോന്ന ഒരാൾക്കാണോ എന്ന ഞെട്ടൽ..
ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ ,
വിവാഹേതര ബന്ധത്തിലെ പുരുഷനും സ്ത്രീയും, പഴയ കാമുകനും കാമുകിയും ആനന്ദിക്കുന്നു..
സ്ത്രീയുടെ ജീവിതത്തിൽ അവളുടെ ഭര്‍ത്താവ് എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെ ,
ഭാര്യയുടെ പഴയ കാമുകന്റെ സാമ്പത്തിക പിന്തുണ സ്വീകരിച്ചു ജീവിക്കുമ്പോൾ..,
ജീവിതത്തിന്റെ കഷ്‌ടപ്പാടുകളിൽ കൂടെ നിന്ന പുരുഷന്റെ ഭാര്യ വെറും ചണ്ടി ആയി പുറംതള്ളപ്പെടുന്നു…!
സാമ്പത്തിക ചൂഷണം ലാക്കാക്കി വിവാഹേതര ബന്ധങ്ങളിൽ പുരുഷനെ കുരുക്കുന്ന സ്ത്രീകൾ ഒരു പാട് ചുറ്റിലും ഉണ്ട്..
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ശരീരം വിൽക്കുന്നവരെ അവരോടു ഉപമിക്കരുത്..
അത് ആ പാവങ്ങളോട് ചെയ്യുന്ന ക്രൂരത മാത്രമാണ്..
പെണ്ണിന്റെ ഉള്ളിലെ കുരുട്ടു ചിന്തകൾ…
അതിന്റെ ഇരകൾ..പുരുഷന്മാർ..
അതിൽ ഒരാളായി ,
പ്രിയപെട്ടവനും മാറുന്നു..
{മറിച്ചും ഉണ്ട് കേട്ടോ കഥകൾ..
എത്രയോ സ്ത്രീകളെ ,
പുരുഷന്മാർ സാമ്പത്തിക തട്ടിപ്പിന് ഇരകൾ ആക്കുന്നു..
വിവാഹേതര ബന്ധത്തിന്റെ മറയിൽ..
പങ്കാളികൾ ചെയ്യുന്ന ഒത്താശ ആണ് ഭയപ്പെടുത്തുന്നത്..
കഥയ്ക്ക് പിന്നിലെ കഥ…}
മനസ്സെന്ന പറയാൻ ഒന്നും ഇല്ലാത്ത അവസ്ഥ..
അതിലെ വിലാപങ്ങളും നെടുവീർപ്പുകളും അക്ഷരങ്ങളിലൂടെ പകർത്താൻ ആകില്ല..
ബോധതലം നഷ്‌ടമാകണം എന്നും ഭ്രാന്താവസ്ഥയിൽ എത്തണം എന്നും കൊതിക്കും..
എത്ര ശക്തായ ഒരുവൾ എങ്കിലും…!
കൊടുംകാറ്റിനെ പേടിക്കാത്ത പുൽക്കൊടി ആണവൾ സമൂഹത്തിൽ..
ഉള്ളിന്റെ ഉള്ളിലോ..?
ഉയർത്തെഴുന്നേൽക്കണം…
ആദ്യമായി തന്നോട് തന്നെ തുറന്നു സംവദിക്കണം..
അസ്തിത്വം കൈവിടും മുൻപ് ,തിരിച്ചു പിടിക്കണം..
തിരസ്‌കൃതയായ ഭാര്യ..!
അപഹാസ്യയാകുന്നവൾ..നിന്ദിതയാകുന്നവൾ..
അതിന്റെ ആഴം ഭീകരമാണ്..
പക്ഷെ, ജീവിത ദുരിതങ്ങളിൽ കരയാതെ പിടിച്ചു നിൽക്കുകയും ചിരിച്ചു കൊണ്ട് മറ്റുള്ളവർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും ചെയ്യണം..
ഒന്നും സംഭവിച്ചിട്ടില്ല എന്നങ്ങു കരുതിയാൽ ഉണ്ടാകുന്ന കരുത്തു ഉണ്ടല്ലോ..
സ്വയം അസൂയയും ആദരവും തോന്നണം..
”പെണ്ണ് നടന്നാൽ നിലം അറിയരുത്..
പെണ്ണ് ചിരിച്ചാൽ പുറം അറിയരുത്..”
എന്നൊക്കെ ഉള്ള ധാരണകൾ ഭയത്തെ കൂട്ടും..എങ്കിലും
ആഴവും മൂർച്ചയും ഉള്ള അനുഭവങ്ങൾ നിറഞ്ഞ സ്ത്രീ ആണ്..
പൊരുളും മിഥ്യയും തിരിച്ചറിയാൻ കഴിയണം..
ചുട്ടു നീറുന്ന അനുഭവങ്ങളിൽ നിന്നും ഉയരണം..
ജീവിതത്തിന്റെ സ്വച്ഛന്ദമായ , ശാന്തമായ , മനോഹരമായ നീലാകാശം ഇനിയെങ്കിലും കാണണം..
ഈ സമയവും കടന്നു പോകുക തന്നെ ചെയ്യും..
അഴുകിയ പാലിന്റെ ദുർഗന്ധം നിറഞ്ഞ ജീവിതം തട്ടി കളഞ്ഞു എന്ന് പറയാൻ ഭയപ്പെടേണ്ടതില്ല..
Post Your Comments