ചെന്നൈ : ഭർത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികൾക്കിടയിൽ ഗുരുതരമായ ഗാർഹിക അസ്വാരസ്യങ്ങൾക്കു കാരണമാവുകയാണെങ്കിൽ, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭർത്താവ് ശിക്ഷാർഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറിൽ തിരുവണ്ണാമലൈ സ്വദേശിക്ക് നൽകിയ ശിക്ഷ ശരിവച്ചു കൊണ്ട് ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയാണു വിധി പറഞ്ഞത്. എല്ലാ വശങ്ങളും പരിശോധിച്ചാൽ വിവാഹേതര ബന്ധം ഭാര്യയോടുള്ള ക്രൂരതയ്ക്ക് തുല്യമാണെന്നു കരുതാമെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതിയുടെ 2 വർഷത്തെ തടവുശിക്ഷ 6 മാസം കഠിനതടവായി കുറച്ചു. ഭർത്താവിന്റെ വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും അത് ഗാർഹിക കലഹത്തിലും തുടർന്ന് അവരെ ഭർത്താവിന്റെ വീടു വിട്ടിറങ്ങാൻ നിർബന്ധിതയാക്കിയെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്‌ഷൻ 498 എ പ്രകാരമാണു പ്രതിയെ തടവിന് ശിക്ഷിച്ചത്.
Post Your Comments