ജലന്തര്‍ ബിഷപ്പിനെതിരായി കന്യാസ്‌ത്രീ നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Read also: കന്യാസ്‌ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പിന്റെ വാദങ്ങൾ പൊളിയുന്നു
എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം ഉയര്‍ന്നുവന്ന എല്ലാ സ്‌ത്രീ പീഡന പരാതികളിലും പോലീസ് കര്‍ക്കശമായ നടപടി എടുത്തിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നത്. ഇത്തരം ചില കേസുകളില്‍ ആദ്യഘട്ടത്തില്‍ പോലീസ് നടപടികളെ സംശയത്തോടെ വീക്ഷിച്ചവര്‍തന്നെ പിന്നീട് തിരുത്തി പോലീസിനെ അഭിനന്ദിക്കുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നതും നാം ഓര്‍ക്കേണ്ടതാണ്. നാലുവര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ജൂണ്‍ 27ന് കന്യാസ്‌ത്രീ പോലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 28ന് തന്നെ ഇതുസംബന്ധിച്ച് പോലീസ് കേസ്സെടുക്കുകയും ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്‌തു. . അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായി രണ്ട് സി.ഐമാരെയും രണ്ട് എസ്.ഐമാരെയും അന്വേഷണ സംഘത്തില്‍ അധികമായി പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
29-ാം തീയ്യതി തന്നെ കന്യാസ്‌ത്രീക്ക് നാലുതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 5 സംസ്ഥാനങ്ങളിലും കേരളത്തിലെ 7 ജില്ലകളിലും സഞ്ചരിച്ച് നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും രേഖകള്‍ ശേഖരിക്കുകയും ചെയ്‌തതായാണ് മനസ്സിലാക്കുന്നത്. പ്രളയദുരിതത്തിനിടയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജലന്തര്‍ ബിഷപ്പിനെ വിശദമായ ചോദ്യം ചെയ്യലിന് സെപ്‌തംബര്‍ 19 ന് ഹാജരാകുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. സി.ആര്‍.പി.സി 41 വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നല്‍കിയത് എന്ന കാര്യവും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള പരാതിയില്‍ കുറ്റം കണ്ടെത്തി തെളിയിക്കുക എന്നതിന് ഊന്നല്‍ നല്‍കുമ്പോള്‍ വിശദമായ അന്വേഷണം നടത്തേണ്ടിവരിക സ്വാഭാവികമാണ്. അത്തരം നടപടികളാണ് പോലീസ് സ്വീകരിക്കുന്നത് എന്നാണ് ഇതിനകം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
സി.പി.ഐ.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും സ്‌ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന സ്ഥിതി ഈ ഗവണ്‍മെന്റ് വന്നശേഷം ഉണ്ടായിട്ടില്ല. സി.പി.ഐ(എം)നെ സംബന്ധിച്ച് ഒരു കേസിന്റെയും അന്വേഷണത്തില്‍ പാര്‍ടി ഇടപെട്ട് നിര്‍ദ്ദേശം നല്‍കാറില്ല. ഏതെങ്കിലും ഒരാളെ കേസില്‍ ഉള്‍പ്പെടുത്താനോ അറസ്റ്റ് ചെയ്യിപ്പിക്കാനോ കേസില്‍ നിന്ന് ഒഴിവാക്കാനോ സി.പി.ഐ(എം) ഇടപെടാറില്ല. തെറ്റ് ചെയ്യുന്നവര്‍ ആരായാലും, സമൂഹത്തില്‍ അവര്‍ ഏത് ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ സി.പി.ഐ(എം)ന്റെ നിലപാട് അതുതന്നെയാണ്. തെറ്റുചെയ്യുന്ന ഒരാളെയും രക്ഷപ്പെടുത്താനുള്ള നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുകയില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഏത് ഉന്നതനേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ കേസിലും ഊര്‍ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പോലീസ് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Post Your Comments