Latest NewsIndia

രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്

നേരത്തെ മോദിയുടെ പ്രഭാവം രാജ്യത്തൊട്ടാകെ നില്‍ക്കുമ്പോള്‍ ബീഹാറില്‍ നിതീഷ്-ലാലു പ്രസാദ് യാദവ് സഖ്യത്തെ അധികാരത്തിലെത്തിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു.

ഹൈദരാബാദ്: കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയെയും ബീഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലേറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ ആര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കില്ലെന്നും പ്രചാരണ തന്ത്രങ്ങളുടെ ചുമതല വഹിക്കുന്നത് അവസാനിപ്പിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ ഹൈദരാബാദില്‍ ഒരു സംവാദത്തിനിടയിൽ സൂചന നൽകി.

താന്‍ നേതാക്കന്മാര്‍ക്കിടയില്‍ ആവശ്യത്തിന് പ്രവര്‍ത്തിച്ചു. ഇനി താഴേക്കിടയിലെ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചുപോകണമെന്നും അതിന് മുന്‍പ് തന്റെ പ്രസ്ഥാനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിക്കണമെന്നും പ്രശാന്ത് അറിയിച്ചു.2012ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയത്തിന്റെ സൂത്രധാരനായ പ്രശാന്ത് കിഷോര്‍ പിന്നീട് ബിജെപി വിട്ടുപോയിരുന്നു.

നേരത്തെ മോദിയുടെ പ്രഭാവം രാജ്യത്തൊട്ടാകെ നില്‍ക്കുമ്പോള്‍ ബീഹാറില്‍ നിതീഷ്-ലാലു പ്രസാദ് യാദവ് സഖ്യത്തെ അധികാരത്തിലെത്തിച്ചത് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. അന്ന് മുതല്‍ നിതീഷുമായി ഏറ്റവും അടുത്ത ബന്ധമുണ്ട് പ്രശാന്ത് കിഷോറിന്. അതേസമയം നിതീഷ് കുമാറിന്റെ ജെഡിയുവിലേക്കാണ് അദ്ദേഹത്തിന്റെ ചായ് വെന്നാണ് സൂചന. അദ്ദേഹം നിതീഷുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാവും. എന്നാല്‍ താന്‍ ഏത് പാര്‍ട്ടിയിലാണ് ചേരുകയെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറായില്ല.

ബിജെപിയുടെ എതിരാളികളായ ബീഹാറിലെ മഹാസഖ്യത്തിനുവേണ്ടിയും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടിയും അദ്ദേഹം രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി.2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനയും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു രാഷ്ട്രീയത്തിലേക്ക് എന്ന സൂചനകള്‍ പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായവ്യത്യാസമാണ് ബിജെപി വിടുന്നതിലേയ്ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button