അഗര്‍ത്തല•തൃപുരയില്‍ പ്രമുഖ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത് ദത്ത ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. അഴിമതി, വിമത പ്രവര്‍ത്തനങ്ങള്‍, അക്രമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ആരോപിച്ചാണ് ബിശ്വജിത്തിന്റെ രാജി.
മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നത് സി.പി.എം കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം നേരിടേണ്ടിവരുന്നുവെന്ന് ആരോപിക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്.
READ ALSO: വിജയ് മല്യ മുങ്ങിയ സംഭവം: ബി.ജെ.പിയ്ക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി
68 കാരനായ ബിശ്വജിത് തൃപുരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖോവൈ പട്ടണത്തില്‍ നടന്ന റാലിയില്‍ വച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ സെക്രട്ടറിയും തൃപുരയുടെ ചുമതലയുള്ള സുനില്‍ ദിയോധാര്‍ ബിശ്വജിത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.
1964 മുതല്‍ സി.പി.എമ്മിന്റെ ഭാഗമായ ബിശ്വജിത്, ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തനിക്കെതിരെ ഒരു ‘കുറ്റകരമായ ഗൂഡാലോചന’ നടന്നതായി ആരോപിച്ചു. അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റൊരു ഇടത് സ്ഥാനാര്‍ഥിയ്ക്ക് അവസരം നല്‍കുകയുമായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് ബിശ്വജിത് ദത്തയെ സ്ഥാനാര്‍ഥിയായി തൃപുര ഇടതുമുന്നണി ഐക്യകണ്ഠേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് എസ്.എഫ്.ഐ നേതാവായ നിര്‍മ്മല്‍ ബിശ്വാസിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സീറ്റ് നിഷേധിച്ച അന്നുമുതല്‍ സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ബിശ്വജിത് ഏപ്രിലില്‍ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരിന്നു.
തൃപുരയില്‍ വലിയ തോതില്‍ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് സിപിഐഎമ്മിന്‍റെ അഴിമതി രഹിത മുഖവുമായിരുന്നു.
ബിശ്വജിത്തിനൊപ്പം 100 ഓളം പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. നിരവധി സി.പി.എം നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുനില്‍ ദിയോദാര്‍ വെളിപ്പെടുത്തി.
മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന സി.പി.എം ഭരണത്തിന് തൃപുരയില്‍ അന്ത്യമായത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ അപ്പാടെ വിഴുങ്ങിയ ബി.ജെ.പി ഏവരെയും ഞെട്ടിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കുകയായിരുന്നു. അധികാരം നഷ്ടമായതോടെ സംസ്ഥാനത്ത് സി.പി.എം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
Post Your Comments