ഉണ്ണി മാക്സ്
കഴിഞ്ഞ രണ്ടാഴ്ചകളിൽ എന്തൊക്കെ സാഹചര്യങ്ങളെയാണ് കേരളം മറികടന്നത്! തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ, അതെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഡാമുകൾ ഏതാണ്ട് മുഴുവനും തുറന്ന് വിടേണ്ടി വന്ന അവസ്ഥ, ഉരുൾപൊട്ടലുകൾ. നാടും നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയി. മുന്നൂറിലധികം പേരുടെ മരണ കാരണമായി, കാണാതായവരുടെ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. കാരണങ്ങൾ പലതുമാണെന്ന് പറഞ്ഞു പലരും കലഹിക്കുമ്പോഴും രൂക്ഷമാക്കിയ ഈ ജലപ്രവാഹത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കാൻ നൂറ്റാണ്ടുകൾ ഒന്നും പിന്നിലേയ്ക്ക് പോകേണ്ടി വരില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏഴ് വർഷം. പിന്നെ കസ്തൂരിരംഗൻ റിപ്പോർട്ട് വന്നു. കുട്ടനാട്ടിൽ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് വന്നു. ഇവയൊക്കെയും പറഞ്ഞത് ഏതാണ്ട് ഒരേ കാര്യങ്ങൾ, പ്രകൃതിയുടെയും മനുഷ്യന്റെയും തുലനാവസ്ഥയ്ക്ക് വേണ്ടി വരുത്തേണ്ട മാറ്റങ്ങൾ,പക്ഷെ ഈ റിപ്പോർട്ടുകളുടെയൊക്കെ അവസ്ഥ എന്തെന്ന് വ്യക്തമാണല്ലോ. അതീവ പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിലെ മണ്ണിന്റെ പ്രത്യേകത തിരിച്ചറിഞ്ഞവരാണ് അവിടെ നിര്‍മ്മാണങ്ങളില്‍ നിയന്ത്രണം വേണമെന്ന് പറഞ്ഞത്. അതിനു യാതൊരു വിലയും കൊടുക്കാതെ ഒരു സമൂഹം ഹര്‍ത്താല്‍ വരെ നടത്തിയാണ് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. മൂന്നാര്‍ മേഖലകളിലെ വന്മലകള് ഇടിച്ച് നടത്തിയ, ഗാഡ്ഗില്‍ പറഞ്ഞ പാരിസ്ഥിതിക ആഘാത പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലം ഇപ്പോള്‍ നാം കാണുന്നു.
എങ്ങനെ ഇത്രയധികം ഉരുള്‍പൊട്ടലുകള്‍? കാരണങ്ങൾ പലതാണ്, പാറമടകളും അനധികൃത മലയിടിച്ചില്‍ – മണ്ണെടുപ്പും തന്നെയാണ് ഇതിൽ പ്രധാനം. പാറമടയ്ക്ക് വീടുകളിൽ നിന്ന് ഇരുന്നൂറു മീറ്റർ പരിധി മാറ്റി അമ്പതു മീറ്ററാക്കി. കാടും മലയുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിലെയും നിരോധനങ്ങളില്‍ ഇളവു നല്കി. ഫലത്തില്‍ ഇവിടെ പ്രവര്‍ത്തനാനുമതി കിട്ടിയത് അയ്യായിരത്തിലധികം പാറമടകള്‍ക്ക്. സ്ഫോടനങ്ങളിലും മണ്ണെടുപ്പിലും ദുര്‍ബ്ബലമായ മലനിരകള്‍ മഴവെള്ളത്തെ തടഞ്ഞു നിര്‍ത്താനുള്ള ശേഷി ഇല്ലാതെ പൊട്ടി താഴേക്ക് പ്രവഹിച്ചപ്പോള്‍ നഷ്ടമായത് നാമുണ്ടാക്കിയ വികസനങ്ങളും ഒപ്പം അനേകം ജീവനുകളും.
മൂന്നാര്‍ ഗവ. ആര്‍ട്ട്സ് കോളേജിലെ ഒരധ്യാപകന്റെ വൈകാരികമായ ഒരു കുറിപ്പ് കണ്ടിരുന്നു. ഉത്ഘാടനം കാത്തിരുന്ന പുതിയ കോളേജ് കെട്ടിടവും ഹോസ്റ്റലും ലാബുമെല്ലാം മലയിടിച്ചിലില്‍ തകര്‍ന്നുപോയതായിരുന്നു വിഷയം. എന്നാല്‍ ആ സ്ഥലത്ത് യാതൊരുവിധ കെട്ടിടനിര്‍മ്മാണങ്ങളും അനുവദിക്കരുതെന്ന ഉത്തരവ് മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍മ്മാണങ്ങള്‍ നടത്തിയത് എന്നും കണ്ടു . പ്രസ്തുത നിര്‍മ്മാണങ്ങള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് പലവട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. നാലുകെട്ടിടങ്ങളാണ് ഇത്തരത്തില്‍ മലയിടിച്ചു നിര്‍മ്മിച്ചത്. ഉത്ഘാടനം കഴിഞ്ഞു കുട്ടികള്‍ കൂടെ എത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ, എത്രയധികം ജീവനുകള്‍ കൂടെ നഷ്ടമായേനെ? ഇതെല്ലം മറികടന്ന് വ്യാജ പ്രമാണങ്ങളിലൂടെ ചിലരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ, സ്വപ്നങ്ങൾക്കപ്പുറമാണ് യാഥാർഥ്യം എന്നു പ്രകൃതി തന്നെ കാണിച്ച് തന്നു. വൈകാരിക കുറിപ്പുകളല്ല, മറിച്ച് ജിയോളജിക്കല്‍ വകുപ്പിന്റെ അടക്കം നിരോധനം നിലനില്‍ക്കെ കോടികള്‍ നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമാണ് വേണ്ടത്.
ഭൂമിയുടെ ഉപരിതലത്തെ മാറ്റി മറിക്കുന്നത് പുറം രാജ്യങ്ങള്‍ പലതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടെ ഒരു വശത്ത് കുന്നുകള്‍ ഇടിക്കുമ്പോള്‍ മറു വശത്ത് പരമ്പരാഗത ജല നിര്‍ഗമന മാര്‍ഗങ്ങള്‍ അടക്കുന്നു. പ്രകൃതിയ്ക്ക് പ്രാധാന്യം നല്‍കാത്ത വികസനങ്ങള്‍ എന്താവുമെന്നു ഇനിയെങ്കിലും ഇവര്‍ പഠിക്കുമോ? വലിയ പ്രതീക്ഷയൊന്നുമില്ല! ഇനി അടുത്തെങ്ങും വെള്ളപ്പൊക്കം ഉണ്ടാവില്ലെന്നും അവർ വിലയിരുത്തുന്നു.പക്ഷെ അടുത്ത കുറെ വർഷങ്ങൾ കൊണ്ട് വീണ്ടും കെട്ടിപ്പൊക്കുന്ന കുറെയേറെ സ്വപ്നങ്ങളുടെ നെഞ്ചിലേക്ക് വീണ്ടുമൊരു മഴവെള്ളപ്പാച്ചിലുണ്ടായാൽ? അതിന്റെയെങ്കിലും മറുപടി ഇപ്പോൾ ഉള്ളതും ഇനി കടന്നു വരാൻ പോകുന്നതുമായ സർക്കാരുകൾക്ക് പറയാനുണ്ടാകണം. അതുണ്ടാകാതെയിരിക്കാൻ പ്രവർത്തിക്കാനുമാകണം….
Post Your Comments