പ്രിയപ്പെട്ട വിദ്യാലയം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നുപോകുന്നത് കണ്ണീരോടെ നോക്കി നില്‍ക്കാനെ വയനാട് കുറിച്യാര്‍മല ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍കള്‍ക്കായുള്ളു. ഇനിയൊരു വിദ്യാലയം തങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കില്ലെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും, മാത്രമല്ല ഒരു നാടിന് മുഴുവന്‍ ആശ്വാസമായി മദ്രസക്കമ്മറ്റി രംഗത്തെത്തി. മഹല്ല് കമ്മിറ്റി അടിയന്തിരയോഗം വിളിച്ചു മദ്റസക്കെട്ടിദത്തിന്റെ ഒന്നാം നില സ്‌കൂളിന് വിട്ടുനല്‍കി.
കഴിഞ്ഞ 13ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സ്‌കൂള്‍ പകുതിയും ചെളിയില്‍ മുങ്ങിയിരുന്നു. സ്‌കൂളിലേക്കുള്ള റോഡും നടപ്പാലവും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍ണമായും നശിച്ചു. മഴമാറി തെളിഞ്ഞെങ്കിലും സ്‌കൂള്‍ പഴയപടിയാക്കാന്‍ ആറുമാസത്തിലധികം കാലതാമസം എടുക്കും. അത്രയും ചെളിയില്‍ പൂണ്ടിരുന്നു 100ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍. സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശേഷി ഉള്ളവരായിരുന്നില്ല തോട്ടം തൊഴിലാളികളും ആദിവാസികളുമടക്കമുള്ള അവരുടെ രക്ഷിതാക്കള്‍.
ഇതോടെ സ്‌കൂളിന്റെ ദയനീയാവസ്ഥ ചിത്രങ്ങളായും വീഡിയോ ദൃശ്യങ്ങളായും ഒരുകൂട്ടം ചെറുപ്പക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സഹജീവി സ്‌നേഹമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ സംഭവം ഏറ്റെടുത്തു.
പ്രളയം വിഴുങ്ങിയ സ്‌കൂളിനുപകരം 72 മണിക്കൂര്‍ കൊണ്ട് മറ്റൊരു സ്‌കൂളുണ്ടാക്കി ഇവര്‍ അത്ഭുതപ്പെടുത്തി. മൂന്നു ദിവസം കൊണ്ട് നാല് ക്ലാസ് റൂമുകളും സ്റ്റാഫ് റൂമും, ഭക്ഷണശാലയും ഉള്‍പ്പെടുന്ന സ്‌കൂള്‍ ഒരുങ്ങി. 72 മണിക്കൂറുകള്‍ കൊണ്ടാണ് വലിയൊരു ഉത്തരവാദിത്വം ഈ ചെറുപ്പക്കാര്‍ നിറവേറ്റിയത്.
https://www.facebook.com/greenpalliative/videos/240632063320377/?t=0
പിടിഎ പ്രസിഡന്റ് അസ്ലമും പ്രദേശത്തെ സജീവസാമൂഹ്യപ്രവര്‍ത്തകനായ ഷമീറും ചെറുപ്പക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കി. ക്ലാസ് റൂമുകളുടെയും സ്‌കൂളിന്റെയും ചുവരുകള്‍ നിറയെ ഇവര്‍ കുട്ടികള്‍ക്കായി ചിത്രങ്ങളും വരച്ചു ചേര്‍ത്തു. സുഡാനി ഫ്രം നൈജീരിയ, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആര്‍ട്ട് ഡയറക്ടറായിരുന്ന അനീസ് നാടോടിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് റൂമുകളുടെ ചുമരുകള്‍ മനോഹരമാക്കിയത്. ഒപ്പം സ്‌കൂളിനായി സാമ്പത്തികമായി ചെറുതും വലുതുമായ സഹായങ്ങള്‍ ലഭിച്ചു.
https://www.facebook.com/musthafa.wandoor/videos/1852525981529803/?t=0
സ്‌കൂളിനുള്ള പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ വ്യക്തികളും സംഘടനകളും തയ്യാറായി. മഹാപ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നുപോയ കുറിച്യര്‍മല എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ഒരു ക്ലാസ് പോലും നഷ്ടപ്പെടുത്താതെ പഠനം തുടര്‍ന്നു.
Post Your Comments