കണ്ണൂർ: പാർട്ടി അടിസ്‌ഥാനത്തിലാണ് നവകേരളം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമ്മാണ പ്രവർത്തനങ്ങളിലും ഒരു വിവേചനവും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് മത്സ്യ പ്രവർത്തക സംഘത്തെയും ധീവര സഭയെയും ഒഴിവാക്കിയത് രാഷ്ട്രീയക്കളിയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.
നവ കേരള നിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തില്ലെന്ന് ബിജെപി വാക്ക് നൽകിയതാണ്. എന്നാൽ സർക്കാർ നയം മാറ്റിയാൽ ബിജെപിക്ക് വാക്ക് മാറ്റേണ്ടി വരും. ശഠനോട് ശാഠ്യം എന്ന നയം സ്വീകരിക്കാൻ ബിജെപിയെ പ്രേരിപ്പിക്കരുത്. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പ്രവർത്തകരെയാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത്. നിരവധി ബോട്ടുകളും നഷ്ടമായിട്ടുണ്ട്. ഇതിലൊന്നും പരിഭവമോ പരാതിയോ ഇല്ലാതെ ഇപ്പോഴും പ്രവർത്തിക്കുകയാണ്. എന്നാൽ സർക്കാരും സിപിഎമ്മും എല്ലാത്തിലും രാഷ്ട്രീയം കലർത്തുകയാണ്. ദുരിതാശ്വാസ ക്യാംപുകൾ പിടിച്ചെടുക്കാൻ വരെ സിപിഎം ശ്രമിച്ചു. ക്യാംപുകളിൽ നിന്ന് സാധനങ്ങൾ കടത്തിയതിന് സിപിഎം പ്രവർത്തകർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ ദുഷിച്ച രാഷ്ട്രീയം കളിക്കുന്ന സിപിഎം നിലപാട് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
Post Your Comments