തിരുവനന്തപുരം•അപകടത്തില്‍പ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’ സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെടുതിമൂലം വീണ വീഴ്ചയില്‍ കരഞ്ഞിരിക്കാന്‍ നാം തയാറല്ല, നാടിനെ കൂടുതല്‍ ഉയരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറി. നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള മേനിപറച്ചിലല്ല, അക്ഷരാര്‍ഥത്തില്‍ അങ്ങനെയായിരുന്നു. പ്രാഗത്ഭ്യമുള്ള സേനകളുടെ തലവന്മാരും ഈ ഇടപെടലും ചടുലതയും എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഇത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണ്. ഈ ദുരന്തത്തെ നാം നേരിട്ടത് അങ്ങേയറ്റം ഐക്യത്തോടും ഒരുമയോടുമാണ്.
READ ALSO: പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളം പശ്ചാത്താപത്തോടെ ഓര്‍ക്കേണ്ട ഒരു നേതാവുണ്ട് ; അഡ്വ ജയശങ്കര്‍
ഒന്നും ആലോചിക്കാതെയാണ് നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ രക്ഷയ്ക്കിറങ്ങിയത്. സര്‍ക്കാരിന്റെ സഹായപ്രഖ്യാപനങ്ങള്‍ പിന്നെയാണ് വന്നത്. കരുത്തരെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ശാരീരികബുദ്ധിമുട്ടുണ്ടായവരെ ഉടന്‍ വിളിച്ചുവരുത്തേണ്ട എന്നു കരുതിയാണ് സ്വീകരണചടങ്ങ് ഇത്രയും നീട്ടിയത്. ഇനിയുമധികം വൈകുന്നത് ഔചിത്യമല്ല, എന്നതിനാലാണ് ഇപ്പോള്‍ സംഘടിപ്പിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന് പ്രാഗത്ഭ്യം നേടിയ ഒട്ടേറെ സേനാവിഭാഗങ്ങള്‍ നമ്മുടെ പ്രവര്‍ത്തനത്തെ സഹായിക്കാനെത്തി. വ്യോമസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, ദേശീയദുരന്തനിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങി എല്ലാവരും അവരുടെ പങ്ക് വഹിച്ച് അര്‍പ്പണബോധത്തോടെ രക്ഷയ്ക്കിറങ്ങി.
പെട്ടെന്ന് വെള്ളപ്പൊക്കം ആര്‍ത്തലച്ച് വന്നപ്പോള്‍ നല്ല ഉള്‍ക്കരുത്തോടെ നമ്മുടെ കടമയാണെന്ന് കരുതി യുവാക്കളും ചാടിയിറങ്ങി. ആപത്ഘട്ടത്തില്‍ സഹജീവികളെ സംരക്ഷിക്കാന്‍ മനുഷ്യസ്നേഹത്തോടെയുള്ള നിലപാടെടുത്ത യുവാക്കള്‍ നമ്മുടെ ഭാവി ശോഭനമാണെന്നതിന്റെ ഉറപ്പാണ്.
പക്ഷേ, വെള്ളം കൂടുതല്‍ കയറിയപ്പോള്‍ വെള്ളത്തെ നല്ലനിലയില്‍ പരിചയമുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങളെ രക്ഷാദൗത്യത്തില്‍ പങ്കാളികളാക്കേണ്ടതിന്റെ ചര്‍ച്ചയുയര്‍ന്നത്. പിന്നെ അറച്ചുനില്‍ക്കാതെ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യത്തിലും കരുത്തിലും അതിജീവനശേഷിയിലും പൂര്‍ണവിശ്വാസമുള്ളതുകൊണ്ടുതന്നെ കഴിയാവുന്നത്ര വേഗത്തില്‍ ഓരോ പ്രദേശത്തുനിന്നും അവരെ എത്തിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ മാത്രം എത്തിച്ചാല്‍ പോരാ, അവരുടെ യാനവും എത്തിക്കണമായിരുന്നു. ഇതിനായി പോലീസിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എവിടെയൊക്കെ മത്സ്യത്തൊഴിലാളികളുടെ സേവനം വേണമെന്ന് ആവശ്യപ്പെട്ടോ അവിടേക്ക് കുതിച്ചുവരാന്‍ അവര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. യാനം എത്തുംമുമ്പ് തന്നെ അവിടെയെത്തി രക്ഷാപ്രവര്‍ത്തനത്തിന് വെള്ളത്തിലേക്ക് ചാടുന്ന കാഴ്ച അവിടുത്തുകാരില്‍ ആത്മവിശ്വാസമുയര്‍ത്തി.
ഈ ഐക്യം നാം കാത്തുസൂക്ഷിക്കണം. അതുമായി നാം മുന്നോട്ടുപോകണം. നമ്മുടെ നാടിനെ നഷ്ടപ്പെട്ടതിനേക്കാള്‍ മികച്ചതായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിയണം. കഷ്ട്നഷ്ടങ്ങള് അനുഭവിച്ചവര്‍ക്ക് ശരിയായ പുനരധിവാസം ഉറപ്പുവരുത്താനാകണം. വീടുനഷ്ടപ്പെട്ടവര്‍ക്കും കേടുപാടുണ്ടായവര്‍ക്കും കുറവുകള്‍ തീര്‍ക്കണം.
നാം ജീവിക്കുന്നത് ഭൂലോകത്തെ ഏറ്റവും മൂല്യമുള്ള മണ്ണിലാണ്. നമ്മളെ അറിയാവുന്ന എല്ലാവരും ഈ നാടിനെ സ്നേഹിക്കുന്നു. ലോകത്തില്‍ എവിടെ താമസിക്കുന്നവര്‍ക്കും കേരളം എന്താണെന്നറിയാം. കേരളത്തിനുവന്ന പരിക്ക്, തങ്ങളുടെ പരിക്കാണെന്ന് അവര്‍ തിരിച്ചറിയുന്നു. അമേരിക്കയില്‍നിന്ന് രണ്ടു ചെറുപ്പക്കാര്‍ ഫേസ്ബുക്ക് കൂട്ടായ്മ വഴി പിരിച്ച 10 കോടി രൂപയുമാണ് ഓഫീസിലെത്തിയത്. ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. എല്ലാവരും പങ്കുവഹിച്ചാല്‍ നമ്മുടെ നാടിനെ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നവിധം പുനര്‍നിര്‍മിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശസ്തിപത്രവും പൊന്നാടയും ഷര്‍ട്ടും സമ്മാനമായി നല്കി. ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയും, മറ്റുള്ളവര്‍ക്ക് മന്ത്രിമാരും വിശിഷ്ടാതിഥികളും പൊന്നാടയണിയിച്ചു.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സ്വയംസമര്‍പ്പിത മനസുമായി മത്സ്യത്തൊഴിലാളികള്‍ക്ക് ശക്തമായ ഇടപെടല്‍ നടത്താനായതായി അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി രത്നകുമാറിന് ഭൂമിയും വീടും കൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ ചികിത്സാ സൗകര്യമുണ്ടാക്കും. നാശനഷ്ടമുണ്ടായ ബോട്ടുകള്‍ നന്നാക്കാന്‍ നടപടിയുണ്ടാകും. പൂര്‍ണമായി തകര്‍ന്ന ബോട്ടുകള്‍ക്ക് പകരം ബോട്ടുകള്‍ നല്‍കും. ആദ്യം പത്തനംതിട്ടയിലേക്കാണ് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചത്. തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആവശ്യം വന്നപ്പോള്‍ പോലീസ് ലോറികള്‍ എത്തിച്ചും പൈലറ്റ് നല്‍കിയുമാണ് ബോട്ടുകള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചത്. ചുമട്ടുതൊഴിലാളികളാണ് ബോട്ടുകള്‍ ലോറികളില്‍ കയറ്റാന്‍ സഹായമായതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ.പി. ജയരാജന്, മാത്യു ടി. തോമസ്, രാമചന്ദ്രന് കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശശി തരൂര്‍ എം.പി, മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മത്സ്യഫെഡ് ചെയര്മാന് പി.പി. ചിത്തരഞ്ജന് തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി നന്ദിയും പറഞ്ഞു.
സ്വന്തംനാടിന്റെ രക്ഷയ്ക്ക് സേവനസന്നദ്ധരായി മുന്നോട്ടുവന്ന് ആയിരക്കണക്കിനുപേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സേവനങ്ങള്‍ മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും വിവരിച്ചത് സദസ്സ് വരവേറ്റത്.
ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലത്ത് നിന്ന് പത്തനംതിട്ടയ്ക്ക് അയച്ച മത്സ്യത്തൊഴിലാളി യാനങ്ങള്‍ വിജയം കൈവരിച്ചതോടെയാണ് പ്രളയമേഖലകളിലാകെ അവരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നിന്ന് 577, കൊല്ലത്ത് നിന്ന് 632, ആലപ്പുഴ നിന്ന് 1317, കോട്ടയത്തുനിന്ന് 18, എറണാകുളത്ത്നിന്ന് 639, തൃശൂര്നിന്ന് 713, പാലക്കാടുനിന്ന് 24, കോഴിക്കോട് നിന്ന് 140, മലപ്പുറത്തുനിന്ന് 352, കണ്ണൂര്‍നിന്ന് 125 വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 4537 വള്ളങ്ങളാണ് രക്ഷാദൗത്യത്തിനിറങ്ങിയത്. ഈ പട്ടികയില്‍ പെടാതെയുള്ള രക്ഷാപ്രവര്ത്തകരുണ്ടെങ്കില് അവരെയും ആദരിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.
Post Your Comments