കൊച്ചി•പ്രളയത്തെത്തുടര്‍ന്ന് അടച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര ഓപ്പറേഷനുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് സിയാല്‍ അറിയിച്ചു.
പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. നാളെ ഉച്ചയ്ക്ക് നേവല്‍ ബേസില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ വിമാനം സിയാലില്‍ ലാന്‍ഡ് ചെയ്യും. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചാവും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുയെന്നും സിയാല്‍ അറിയിച്ചു.
20 ാം തീയതിയാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആയിരത്തോളം പേര്‍ 24 മണിക്കൂറും അധ്വാനിച്ചാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കിയത്. രണ്ടരകിലോമീറ്റര്‍ നീളത്തില്‍ താത്കാലിക മതില്‍ നിര്‍മ്മിച്ചു. 800 റണ്‍വേ ലൈറ്റുകള്‍, ജനറേറ്ററുകള്‍,വൈദ്യുതി വിതരണ സംവിധാനം എന്നിവയുടെ തകരാര്‍ പരിഹരിച്ചു. കേടുപറ്റിയ സൗരോര്‍ജ്ജ പ്ലാന്റുകള്‍ മിക്കവയും പുനസ്ഥാപിച്ചു. 20 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ ഉത്പാദനം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്നും സിയാല്‍ അറിയിച്ചു.
Post Your Comments