ലക്നൗ: ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ അറുപത് ശിശുക്കള്‍ മരണമടഞ്ഞതിനു കാരണം ആശുപത്രിയിലെ ആഭ്യന്തര രാഷ്ട്രീയമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓക്സിജന്‍ കുറവല്ല ദുരന്തത്തിനു കാരണമായതെന്നും ശിശുമരണം യാഥാര്‍ഥ്യത്തേക്കാള്‍ പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ അറുപതു ശിശുക്കളാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ മരണമടഞ്ഞത്. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയര്‍ന്നു.
എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. സംഭവം നടന്നപ്പോള്‍തന്നെ ആരോഗ്യ ഡയറക്ടര്‍, ആരോഗ്യ മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ സ്ഥലത്ത് എത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. അടുത്ത ദിവസം, ഞാന്‍ അവിടെ പോയപ്പോള്‍ അവിടെ ഓക്സിജന്റെ ക്ഷാമം ഇല്ല എന്നാണ് അറിഞ്ഞത്. ഓക്സിജന്‍ കുറവാണെങ്കില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ബിആർഡി മെഡിക്കൽ കോളേജിലെ അന്നത്തെ പ്രിൻസിപ്പളിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു.
ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പുർണിമ ശുക്ല എന്നിവരാണ് അറസ്റ്റിലായത്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സംഘമാണ് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്.ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പുർണിമ ശുക്ല, ഡോ.കാഫീൽ ഖാൻ, പുഷ്പ സെയിൽസിന്റെ ഉടമസ്ഥർ തുടങ്ങിയവർക്കെതിരേ കേസെടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു.
Post Your Comments