ചെറുതോണി: പ്രളയദുരന്തത്തിന് പിന്നാലെ ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളില്‍ വ്യത്യസ്തമായ പ്രതിഭാസങ്ങള്‍. ഭൂമി നിരങ്ങിനീങ്ങുന്നുവെന്നതാണ് ഇതിലൊന്ന്. എന്താണിതിന് കാരണമെന്ന് വിദഗ്ധര്‍ അന്വേഷണം തുടങ്ങി. വീടുകളും മരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഭൂമിയാണ് നീങ്ങുന്നത്.വീടുകള്‍ നീങ്ങുന്നത് കാരണം ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസം കാണാന്‍ ഒട്ടേറെ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഭൂമി വിണ്ടുകീറി ഒരു വീടിന്റെ താഴെനില മൊത്തമായി ഭൂമിക്കടിയിലായ സംഭവവും ഇടുക്കിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 അടിയോളം നിരങ്ങി താഴേയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു.ചെറുതോണിക്കടുത്ത വിമലഗിരിയിലാണ് വലിയ പ്രദേശം നിരങ്ങിനീങ്ങുന്നത്. പത്തേക്കളോളം വരും നീങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശം. എന്താണിതിന് കാരണമെന്ന് വ്യക്തമല്ല.പത്തേക്കളോളം സ്ഥലത്തെ വീടുകള്‍, മരങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നീങ്ങികൊണ്ടിരിക്കുന്നു. പ്രളയദുരത്തിനും ഉരുള്‍പ്പൊട്ടലിനും ശേഷമാണ് ഈ ഒരു വിചിത്ര പ്രതിഭാസം കണ്ടുതുടങ്ങിയത്.
ഇവിടെ നാല് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഫില്ലറും ബീമും ഉപയോഗിച്ച് വീട് നിര്‍മിച്ചതിനാലാണ് പൊളിഞ്ഞുവീഴാത്തത്. സാധാരണ നിര്‍മാണ രീതിയാണെങ്കില്‍ നാല് വീടുകളും തകര്‍ന്നുവീഴുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. സോയില്‍ പൈപ്പിങ് പ്രതിഭാസമാണിതെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥലത്തിനടിയിലൂടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് സമീപപ്രദേശങ്ങളില്‍ ചെളി കലര്‍ന്ന വെള്ളം പുറത്തേക്ക് തള്ളുന്നതെന്നും ഇവർ പറയുന്നു.
Post Your Comments