തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയ സംഭവം വിവാദമായതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയി എന്നും രാജു പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും എത്താന്‍ കഴിഞ്ഞില്ല. പ്രളയം ഇത്രയും രൂക്ഷമാവുമെന്നും കരുതിയില്ല, മന്ത്രിപറഞ്ഞു.
സമാനതകളില്ലാതെ കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കൂടിയുള്ള വനം മന്ത്രിയുടെ വിദേശയാത്ര. ഇത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെയ്ക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ രാജുവിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ.
ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്.സംഭവം വിവാദമായതോടെ മന്ത്രി തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ജര്‍മനിയില്‍ തന്നെ കുടുങ്ങുകയായിരുന്നു.
Also Read : വിദേശത്ത് പോയത് ശരിയായില്ല; മന്ത്രി കെ രാജുവിനെ തള്ളി കാനം രാജേന്ദ്രന്‍
രാജുവിന്റെ വിദേശയാത്രയെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ, സിപിഐ എക്സിക്യുട്ടീവോ അറിഞ്ഞിട്ടില്ലെന്നതാണ് സത്യം. സംസ്ഥാനത്ത് പ്രളയവും രക്ഷാപ്രവര്‍ത്തനവും നടന്നുകൊണ്ടിരിയ്ക്കെ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ രാജുവിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനാണ് സി. പി. ഐയുടെ ആലോചന.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് രാജുവിന് നല്‍കിയിരുന്നത്. രാജു പുറപ്പെടുമ്പോള്‍ കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്തും സംഭവിക്കാമെന്ന അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്. രാജുവിന്റേത് രഹസ്യ സ്വഭാവത്തോടെയുള്ള വിദേശ യാത്രയായാണ് സി. പി. ഐ വിലയിരുത്തുന്നത്. ഇക്കാര്യം പുറത്തു പറഞ്ഞിരുന്നെങ്കില്‍ കാനം രാജേന്ദ്രന്‍ അനുമതി നിഷേധിക്കുമായിരുന്നുവെന്ന് ഉറപ്പുള്ളതിനാല്‍ ബോധപൂര്‍വം രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
Post Your Comments