തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലവർഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 21ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച കാസര്‍കോട് ജില്ലയിലും 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 21ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ വലിയ നാശനഷ്ടങ്ങൾ വിതച്ചിരുന്നു.
അതേസമയം, കഴിഞ്ഞ കാല പ്രളയങ്ങൾക്ക് സമാനമായ ന്യൂനമര്‍ദങ്ങള്‍ കാലവര്‍ഷക്കാലത്ത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നത് കൊണ്ട് കേരളത്തില്‍ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും തെക്ക്-പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലം തെറ്റിയുള്ള കാലവർഷത്തിന്റെ കെടുതിയാണ് പ്രളയമായി മുൻ വർഷങ്ങളിൽ കേരളം അനുഭവിച്ചത്. അതിന്റെ മുറിവുകൾ ഇപ്പോഴും ഓരോ കേരള ജനതയുടെയും ഉള്ളിൽ മായാതെ കിടപ്പുണ്ട്. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തെക്കാണുന്നത്.
Post Your Comments