KeralaLatest News

ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

പമ്പക്കുള്ള വഴിയില്‍ അട്ടത്തോടിന് സമീപം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് അപകടകരമായിരിക്കുന്നു

ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വംബോര്‍ഡ്. ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്തര്‍ നിലവിലെ സാഹചര്യത്തില്‍ ,സുരക്ഷിതമായ യാത്രമാര്‍ഗ്ഗം തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ്. പമ്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂര്‍ണ്ണമായും കുറഞ്ഞിട്ടില്ല.അത് മാത്രമല്ല പമ്പാനദി ഇപ്പോള്‍ വഴി മാറി ഒഴുകുകയാണ്.

പമ്പാനദിയിലെ വെള്ളപ്പൊക്കത്തിലും ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് പമ്പയിലും പരിസരപ്രദേശങ്ങളിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് ,മരങ്ങള്‍ കടപുഴകി വീണ് ,വ്യാപക നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്.പമ്പയില്‍ ചെളി നിറഞ്ഞ് കാല്‍നട യാത്ര പോലും ദുസ്സഹമായിരിക്കുന്നു. പത്തനം തിട്ടയില്‍ നിന്ന് പമ്പയിലേക്കുള്ള വഴിയില്‍ നിരവധി സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞ് പോയിട്ടുണ്ട്.പമ്പക്കുള്ള വഴിയില്‍ അട്ടത്തോടിന് സമീപം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് അപകടകരമായിരിക്കുന്നു.

Also Read : ശബരിമലയിൽ സ്ഥിതി ഗുരുതരം: കുന്നിടിഞ്ഞ് പമ്പയിലേക്ക് വീണു, ഹോട്ടൽ ഒലിച്ചു പോയി

ഇത്തരം സാഹചര്യത്തില്‍ അയ്യപ്പഭക്തര്‍ സുരക്ഷിതമായ പാതയിലൂടെ മാത്രം ശബരിമലയിലേക്ക് എത്താന്‍ തയ്യാറാകണമെന്ന് ദേവസ്വംബോര്‍ഡ് അഭ്യര്‍ത്ഥിക്കുകയാണ്.തകര്‍ന്ന് ,ഏത് സമയും അപകടം സംഭവിക്കാമെന്നതരത്തിലുള്ള റോഡുകള്‍ വഴി അയ്യപ്പഭക്തര്‍ ഒരു കാരണവശാലും യാത്രക്ക് ശ്രമിക്കരുത്.ഭക്തര്‍ക്ക് സുഗമമായി ശബരമലയിലേക്ക് പോകാവുന്ന തരത്തില്‍ ,തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കി നല്‍കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

പമ്പാനദി ഗതി മാറി ഒഴുകുന്ന പശ്ചാത്തലത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം.പമ്പയിലെ നിലവിലെ പാലങ്ങള്‍ തകര്‍ന്നതിനാല്‍ ഭക്തര്‍ക്ക് പമ്പാനദി കടന്നുപോകാന്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.പ്ലാപ്പള്ളിയില്‍ നിന്ന് ചാലക്കയം വരെ പോകുന്നതിനിടയില്‍ പല സ്ഥലങ്ങളിലും റോഡ് വിണ്ട് കീറിയിട്ടുണ്ട്.അതിനാല്‍ ഭക്തര്‍ ശ്രദ്ധയോടെയും ജാഗ്രതയോടെയും മാത്രം ശബരിമലയില്‍ എത്തണമെന്നും ,അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ മാത്രമെ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയുള്ളൂവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പത്തനം തിട്ടയില്‍ നിന്ന് വടശ്ശേരിക്കര എത്തിയശേഷം അവിടെ നിന്ന് തിരിഞ്ഞ് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി വഴി പമ്പയിലെത്തണം.അതാണ് സുരക്ഷിതമായ വഴിയെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.കോട്ടയം ഭാഗത്ത് നിന്ന് വരുന്നവരും നിലിവിലെ റോഡുവഴി സുരക്ഷ ഉറപ്പാക്കിയേ സഞ്ചരിക്കാവൂ.നേരയുള്ള വഴിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രനാള്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക സംവിധാനങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം വേണ്ടത്ര അവബോധം കൊടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.പൊലീസും ഇത്തരം കാര്യങ്ങള്‍ ഭക്തരെ ധരിപ്പിക്കണം.ഈമാസം 23 ന് വൈകുന്നേരം 5 നാണ് ഓണക്കാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്.28 ന് രാത്രി 10 ന് ഹരിവരാസനം പാടി അയ്യപ്പ ക്ഷേത്ര നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button