പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ആഘോഷിക്കുന്ന ആഘോഷത്തെ ബലിപ്പെരുന്നാള്‍ എന്നും വിശേഷിപ്പിക്കുന്നു. ഈദ് അല്‍ അദാ എന്നാണ് അറബിയില്‍ ബക്രീദിനെ പറയുന്നത്. അദാ എന്ന വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ് ഈദ് അല്‍ അദാ എന്നാല്‍ ബലിപെരുന്നാള്‍.
ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാളില്‍ നിന്നാണ് വലിയ പെരുന്നാള്‍ വന്നത്. അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ്.
ബലിപ്പെരുന്നാളിന്റെ ചരിത്രം പറയുന്നതിങ്ങനെയാണ്; പ്രവാചകനായ ഇബ്രാഹിം നബിക്ക് ഒരുപാട് നാളുകള്‍ മക്കള്‍ ഇല്ലാതിരിക്കുകയും, പിന്നീട് പുത്രന്‍ ജനിക്കുമ്പോള്‍, ആദ്യ പുത്രനായ ഇസ്മായില്‍നെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ബലികൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു. ബലി നല്‍കുന്ന സമയത്ത് ദൈവ ദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യ ബലി നല്‍കരുതെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.
ബലി കഴിച്ച ആടിനെ മൂന്നായി ഭാഗിക്കണമെന്നും അതില്‍ ഒരു വിഹിതം ബലി നല്‍കിയവര്‍ക്കും, മറ്റ് രണ്ട് ഭാഗങ്ങള്‍ ബന്ധുമിത്രാദികള്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കണമെന്നും പറയുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീമും ബലി നല്‍കണം എന്നാണ് നിയമം. ഇത് ഒരാള്‍ക്ക് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ലക്ഷണമായാണ് കാണുന്നത്.
ചന്ദ്രന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടറിലൂടെയാണ് പെരുന്നാള്‍ തീരുമാനിക്കുന്നത്. ദുല്‍ ഹജ്ജ മാസത്തിലാണ് ബക്രീദ് ആഘോഷിക്കുന്നത്. ഇതിലെ എട്ട്, ഒമ്പത്. പത്ത് ദിവസങ്ങളിലായാണ് തീര്‍ത്ഥാടകര്‍ ഹജ്ജ് അനുഷ്ഠിക്കുന്നത്. പത്താമത്തെ ദിവസമാണ് അറഫാ സംഗമം. തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നാണിത്.
Post Your Comments