Festivals

ബലിപെരുന്നാള്‍ നിസ്കാരം നടത്തുമ്പോള്‍ അറിയേണ്ടത്

സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം ശക്തിയേറിയ സുന്നത്താണ്

ഇസ്ലാമിലെ രണ്ടു പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ബലിപെരുന്നാള്‍ . ഇബ്രാഹിമിന്റെ ത്യാഗസ്മരണ ഉണര്‍ത്തുന്ന ബലിപെരുന്നാള്‍ ആഘോഷത്തില്‍ നിസ്കാരം നടത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍.

ബന്ധങ്ങള്‍ ദൃഢമാക്കുക. എല്ലാവരും ഒത്തുകൂടുക, നിസ്‌കാരവും പ്രാര്‍ത്ഥനയും ഖുതുബയും നടത്തുക, പരസ്പരം ഈദ്‌സന്ദേശം കൈമാറി സ്‌നേഹബന്ധം പുതുക്കുക, ഉള്ഹിയ്യത്ത് അറത്ത് മാംസം വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ബലിപെരുന്നാളില്‍ പ്രധാനമായും ചെയ്യേണ്ടത്.

Eid

ഏറെ പ്രാധാന്യമുള്ള സുന്നത്ത് നിസ്‌കാരമാണ് പെരുന്നാള്‍ നിസ്‌കാരം. ഇമാം നവവി(റ) പറയുന്നു: ”സുന്നത്ത് നിസ്‌കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് വലിയ പെരുന്നാള്‍ നിസകാരവും പിന്നീട് ചെറിയ പെരുന്നാള്‍ നിസ്‌കാരവുമാകുന്നു. പിന്നെ സൂര്യഗ്രഹണ നിസ്‌കാരരം, ചന്ദ്രഗ്രഹണ നിസ്‌കാരം, മഴക്കുവേണ്ടിയുള്ള നിസ്‌കാരം, വിത്‌റ് നിസ്‌കാരം, സുബ്ഹിയുടെ രണ്ട് റക്അത്ത്, മറ്റു റവാതിബുകള്‍, തറാവീഹ്, ളുഹാ, ത്വവാഫ്, തഹിയ്യത്ത്, ഇഹ്‌റാം എന്നിവയുടെ രണ്ട് റക്അത്തുകള്‍, വുളൂഇന്റെ സുന്നത്ത് എന്നിവ യഥാക്രമം ശ്രേഷ്ഠമാകുന്നു.” (ഫ്ത്ഉല്‍ മുഈന്‍)

പെരുന്നാള്‍ നിസ്‌കാരം രണ്ട് റക്അത്താകുന്നു. ജമാഅത്ത് സുന്നത്തുണ്ട്. തനിച്ചും നിസ്‌കരിക്കാവുന്നതാണ്. പെരുന്നാള്‍ ദിനം സൂര്യോദയം മുതല്‍ ളുഹ്ര്‍ നിസ്‌കാരത്തിന്റെ സമയം തുടങ്ങുന്നതുവരെയാണ് നിശ്ചിത സമയം. ഉദയത്തിന് ശേഷം നമ്മുടെ കാഴ്ചയില്‍ സൂര്യന്‍ ഏഴു മുഴം ഉയര്‍ന്നതിന് ശേഷം നിസ്‌ക്കരിക്കാലാണ് ഉത്തമം. നിശ്ചിത സമയത്തിനുള്ളില്‍ നിസ്‌കരിച്ചില്ലെങ്കില്‍ പിന്നീട് ഖളാ ആയി നിസ്‌കരിക്കല്‍ സുന്നത്താണ്. ബലി പെരുന്നാളില്‍ സൂര്യനുദിച്ചുയര്‍ന്ന ഉടനെ തന്നെ നിസകാരം നിര്‍വ്വഹിക്കലും ചെറിയ പെരുന്നാളില്‍ അല്‍പം കൂടി പിന്തിച്ചതിന് ശേഷം നിര്‍വ്വഹിക്കലും ചെറിയ പെരുന്നാളില്‍ അല്‍പം കൂടി പിന്തിച്ചതിനു ശേഷം നിര്‍വ്വഹിക്കലും സുന്നത്താണ്. ബലി പെരുന്നാളില്‍ നിസ്‌കാരത്തിന് ശേഷം ബലികര്‍മ്മത്തിനും ചെറിയ പെരുന്നാളില്‍ നിസ്‌കാരത്തിന് മുമ്പ് സക്കാത്ത് വിതരണത്തിനും ഇതാണ് സൗകര്യം. ചെരിയ പെരുന്നാളില്‍ നിസ്‌കാരത്തിന് മുമ്പ് അന്നപാനീയം കഴിക്കലും ബലിപെരുന്നാളില്‍ നിസ്‌കാരത്തിന് മുമ്പ് അന്നപാനീയങ്ങള്‍ കഴിക്കാതിരിക്കലും സുന്നത്തും അതിന് വിപരീതം കറാഹത്തുമാണ്. നിസ്‌കാരത്തിന് പോകുമ്പോള്‍ ഒഴിവഴിയിലൂടെയും തിരിച്ചു വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും സഞ്ചരിക്കലാണ് സുന്നത്ത്.

eidul-fiter

പെരുന്നാള്‍ നിസ്‌കാരത്തിന്റെ ശര്‍ത്വുകളും സാധാരണ നിസ്‌കാരങ്ങളുടെ ശര്‍ത്വുകളും ഫര്‍ളുകളും തന്നെയാണ്. നിയ്യത്തില്‍ കേവലം പെരുന്നാള്‍ നിസ്‌കാരം എന്ന് മതിയാകുന്നതല്ല. ബലിപെരുന്നാള്‍/ചെറിയപെരുന്നാള്‍ എന്ന വേര്‍തിരിവ് നിയ്യത്തില്‍ നിര്‍ബന്ധമാണ്. ഈദുല്‍ ഫിത്വറിന്റെ നിസ്‌കാരം രണ്ട് റക്അത്ത് അല്ലാഹു തആലാക്ക് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട്ഞാന്‍ നിസ്‌കരിക്കുന്നു. എന്ന് നിയ്യത്തി ചെയ്ത് തക്ബീറത്തുല്‍ ഇഹ്‌റാം ചൊല്ലണം. ജമാഅത്തായി നിസ്‌കരിക്കുന്നവര്‍ അതും നിയ്യത്ത് ചെയ്യേണ്ടതാണ്. അദാഅ്/ഖളാഅ് എന്നതും നിയ്യത്തില്‍ സുന്നത്തുണ്ട്.  തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം പ്രാരംഭ പ്രാര്‍ത്ഥന (വജ്ജഹ്തു….) ചൊല്ലല്‍ സുന്നത്താണ്. പ്രാരംഭ പ്രാര്‍ത്ഥനക്ക് ശേഷം ഫാത്വിഹക്ക് മുമ്പായി ഒന്നാം റക്അത്തില്‍ ഏഴ് തക്ബീറുകള്‍ ചൊല്ലണം.

രണ്ടാം റക്അത്തില്‍ സുജൂദില്‍ നിന്നുയരുമ്പോഴുള്ള തക്ബീറിന് ശേഷം ഫാതിഹക്ക് മുമ്പിയി അഞ്ച് തക്ബീറുകള്‍ ചൊല്ലണം. ഓരരോ തക്ബീര്‍ ചൊല്ലുമ്പോഴും കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തലും തക്ബീറുകള്‍ക്കിടയില്‍ നെഞ്ചിന് താഴെ പൊക്കിളിന് മീതെയായി കൈ വെക്കലും തക്ബീറുകള്‍ക്കിടയില്‍ ദിക്‌റ് ചൊല്ലലും സുന്നത്താണ്.
തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാ, വല്‍ഹംദുലില്ലാഹ്, വലാഇലാഹഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന് ചൊല്ലേണ്ടതാണ്.

eid

ഈ ഏഴും അഞ്ചും തക്ബീറുകള്‍ തനിച്ച് നിസ്‌കരിക്കുന്നവനും ഇമാമും മഅ്മൂമും എല്ലാവരും ശബ്ദമുയര്‍ത്തി ചൊല്ലല്‍ സുന്നത്താണ്. തക്ബീറുകള്‍ ചൊല്ലാതെ ‘അഊദു’ ചൊല്ലിയത് മൂലം തക്ബീറുകളുടെ അവസരം നഷ്ടപ്പെടുകയില്ല. എന്നാല്‍ തക്ബീറുകള്‍ ചൊല്ലാതെ ഫാത്വിഹ തുടങ്ങിയാല്‍ -ബിസ്മി തുടങ്ങിയാല്‍ പോലും- തക്ബീറുകളുടെ സുന്നത്ത് നഷ്ടമായിരിക്കുന്നു. മഅ്മൂമും തക്ബീറുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇമാം ഫാത്വിഹ തുടങ്ങിയാലും തക്ബീറുകളുടെ അവസരം നഷ്ടപ്പെടുന്നതാണ്. ഇനി തക്ബീര്‍ ചൊല്ലല്‍ സുന്നത്തില്ല. ഫാത്വിഹ തുടര്‍ന്ന് നിസ്‌കാരം പൂര്‍ത്തിയാക്കണം.

എന്നാല്‍ ഫാത്വിഹ തുടങ്ങിയതിന് ശേഷം ഫാത്വിഹ മുറിച്ച് തക്ബീര്‍ ചൊല്ലിയതുകൊണ്ട് നിസ്‌കാരം ബാത്വിലാവുകയില്ല. അതേ സമയം റുകൂഇല്‍ പോയതിന് ശേഷം തക്ബീര്‍ ചൊല്ലാന്‍ വേണ്ടി നിറുത്തത്തിലേക്ക് മടങ്ങിയാല്‍ അറിഞ്ഞുകൊണ്ടും ബോധപൂര്‍വ്വവുമാണെങ്കില്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്.

ഒന്നാം റക്അത്തിലെ തക്ബീറുകള്‍ നഷ്ടപ്പെട്ടാല്‍ അവ രണ്ടാം റക്അത്തില്‍ പരിഹരിക്കല്‍ സുന്നത്തില്ല. രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീര്‍ ചൊല്ലലേ സുന്നത്തുള്ളൂ.
ഈ ഏഴും അഞ്ചും തക്ബീറുകള്‍ നിസ്‌കാരത്തിന്റെ ഫര്‍ളുകളല്ല. അത് ഉപേക്ഷിച്ചതുകൊണ്ട് നിസ്‌കാരം ബാത്വിലാകുകയില്ല. അതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദും വേണ്ട. അവ സാധാരണ സുന്നത്തുകളാണ്. എന്നാല്‍ തക്ബീറുകള്‍ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കലും എണ്ണം വര്‍ദ്ധിപ്പിക്കലും കറാഹത്താണ്.

ഫാത്വിഹക്ക് ശേഷം ഒന്നാം റക്അത്തില്‍ ഖാഫ് സൂറത്ത്/സൂറത്തുല്‍ അഅ്‌ലാ രണ്ടാം റക്അത്തില്‍ ഇഖ്തരബ സൂറത്ത്/സൂറത്തുല്‍ ഗാശിയ എന്നിവ സുന്നത്താണ്. റുകൂഉം ഇഅ്തിദാലും സുജൂദും ഇരുത്തവും അത്തഹിയ്യാത്തും എല്ലാം സാധാരണ നിസ്‌കാരത്തിലുള്ളതുപോലെ തന്നെയാണ്.  പുരുഷന്മാര്‍ ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ നിസ്‌കാര ശേഷം രണ്ട് ഖുതുബകള്‍ സുന്നത്തുണ്ട്. ഒറ്റക്ക് നിസ്‌ക്കരിക്കുന്നനും സ്ത്രീകള്‍ക്കും ഖുതുബ സുന്നത്തില്ല. ഒന്നാം ഖുതുബ ഒമ്പതും, രണ്ടാം ഖുതുബ ഏഴും തക്ബീറുകള്‍ക്കൊണ്ട് തുടങ്ങല്‍ സുന്നത്താണ്. പെരുന്നാള്‍ നിസ്‌കാരത്തിന് ഏറെ ഉത്തമം പള്ളിയാണ്. സൗകര്യമുള്ള പള്ളികള്‍ ഒഴിവാക്കി ചന്തകളെയും സ്റ്റാന്റുകളെയും ആശ്രയിക്കുന്നത് വിവരക്കേടാണ്. പെരുന്നാള്‍ നിസ്‌കാരത്തിന്റെ പൂര്‍ണ രൂപമാണ് മേല്‍ വിവരിച്ചത്. ഏഴും അഞ്ചും തക്ബീറുകള്‍ ഇല്ലാതെ സാധാരണ നിസ്‌കാരങ്ങള്‍ പോലെ രണ്ട് റക്അത്ത് നിസ്‌കരിച്ചാലും പെരുന്നാള്‍ നിസ്‌കാരത്തിന്റെ സുന്നത്ത് ലഭിക്കുന്നതാണ്. ഇത് മിനിമം രൂപമാണ് പൂരണമല്ല.

സ്ത്രീകള്‍ക്കും

സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം ശക്തിയേറിയ സുന്നത്താണ്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ പെരുന്നാള്‍ നിസ്‌കാരം ഗൗരവമായി പരിഗണിക്കാറില്ല. സുന്നത്ത് നിസ്‌കാരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് പെരുന്നാള്‍ നിസ്‌കാരങ്ങള്‍. പെരുന്നാള്‍ നിസ്‌കാരം നിസാരമല്ല ശ്രദ്ധിച്ചേ പറ്റൂ.
അതേ സമയം ഫാഷന്‍ പരേഡിനെന്ന പോലെ പെരുന്നാള്‍ നിസ്‌കാരത്തിന് പുറത്തിറങ്ങുന്ന സ്ത്രീകളും ഇല്ലാതില്ല. സ്ത്രീകള്‍ക്ക് നിസ്‌കാരത്തിന് ഏറെ ഉത്തമം സ്വന്തം വീടുകളാണ്. വീട്ടില്‍ തന്നെ കൂടുതല്‍ സ്വകാര്യതയുള്ള സ്ഥലമാണ് ഏറെ നല്ലത്. ഇക്കാര്യം റസൂല്‍ കരീം (സ) സുവ്യക്തമാക്കിയതും. പ്രാമാണിക ഹദീസുകള്‍ മുഖേന സ്ഥിരപ്പെട്ടതുമാണ്. നിസ്‌കാരത്തിന് വേണ്ടി സ്ത്രീ വീട് വിട്ടിറങ്ങുന്നത് പ്രതിഫല നഷ്ടത്തിന് കാരണമാണ്. ഉത്തമ വിരുദ്ധമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹറാമും കറാഹത്തുമാകുന്നതാണ്. അന്യപുരുഷന്മാരുടെ ദര്‍ശനം സ്പര്‍ശനം തുടങ്ങിയവ ഭയപ്പെടുന്ന സാഹചര്യത്തില്‍ ഹറാം തന്നെയാണ്. പടച്ചവന്റെ പ്രതീയും പ്രതിഫലവും പ്രതീക്ഷിക്കുന്ന സ്ത്രീകള്‍ ഇവയെല്ലാം ശ്രദ്ധിച്ചേ പറ്റൂ. അതേ സമയം ഏറെ പ്രതിഫലമുള്ള പെരുന്നാള്‍ നിസ്‌കാരം അവഗണിക്കുകയും അരുത്.

കടപ്പാട്: islamsight.org facebook

shortlink

Related Articles

Post Your Comments

Related Articles


Back to top button