ത്യാഗത്തിന്‍റെയും ദൈവ സമര്‍പ്പണത്തിന്‍റെയും ഓര്‍മ പുതുക്കുന്ന ഈദ് ആഘോഷത്തിനായി ഇസ്ലാം മതവിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍കാലത്ത് തുടങ്ങുന്ന നമസ്കാര ചടങ്ങുകളോടെ ആരംഭിക്കുന്ന ഈദ് ആഘോഷങ്ങള്‍ വെറും ഒരു ആഘോഷം മാത്രമല്ല. ഇത് ഒരു അനുസ്മരനമാണ്. സ്വന്തം പുത്രനെ ബലി നല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിമിന്റെയും അതിനു പരിപൂര്‍ണ്ണമായും വിധേയനായ മകന്‍റേയും ക്ഷമാ പൂര്‍വ്വം അതിനായി ഒരുക്കങ്ങള്‍ ചെയ്തു കൊടുത്ത ഒരു ഉമ്മയുടെയും ചരിത്രമാണ് ബലി പെരുന്നാള്‍ പങ്കുവയ്ക്കുന്നത്.
ത്യാഗത്തിന്റെ ഈ അസുലഭ ഓര്‍മ്മയെ എങ്ങനെ ആഘോഷം മാത്രമാക്കി ചുരുക്കും? സുഖത്തിന്‍റെ പുല്‍മേടുകള്‍ കാത്തിരിക്കാതെ ഓരോ വിശ്വാസിയും പ്രയാസങ്ങളുടെ ബലിപീഠങ്ങള്‍ അതിജീവിക്കണമെന്നതാണ് ഹജ്ജിന്‍റെയും ബലി പെരുന്നാളിന്‍റെയും സന്ദേശം.
ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗമാണ് ഈദ് ദിനത്തില്‍ ഓര്‍ക്കേണ്ടത്.വാര്‍ദ്ധക്യത്തില്‍ തനിക്ക് അഭയമായ് ഉണ്ടായ ഏക മകനെ റബ്ബിന്‍റെ സവിധത്തില്‍ ബലി നല്‍കാന്‍ കല്‍പനയുണ്ടായപ്പോള്‍ രണ്ടാമതൊന്നു ചിന്തിക്കാതെ പൂര്‍ണ്ണമായി അല്ലാഹുവിനു വഴിപ്പെടുകയായിരുന്നു ഇബ്റാഹീം നബി. തുല്യതയില്ലാത്ത ഈ മഹാത്യാഗത്തിനു സാക്ഷ്യം വഹിച്ച ഇബ്റാഹീം നബിയുടെയും, അനുസരണയുടെയും സമര്‍പ്പണത്തിന്‍റെയും പര്യായമായി എന്നും ഈദ് ആഘോഷങ്ങള്‍ നില്‍ക്കുന്നു. അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്ക് വഴിപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും തയ്യാറായിരിക്കണമെന്ന മഹത്തായ സന്ദേശമാണ് ഇബ്രാഹിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments