തിരുവനന്തപുരം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനരേഖയിലെ ‘കോൺഗ്രസ് അനുകൂല യെച്ചൂരി ലൈൻ’ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടു തിരുത്തി. പുകസ കൺവൻഷനിൽ ഭക്തകവി കബീറിന്റെ വചനങ്ങൾ പാടിയതു ചോദ്യം ചെയ്ത സഖാവിനെ ഗായിക പുഷ്പവതി തിരുത്തി.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രത്യേക കൺവൻഷനിലാണ് തിരുത്തിയ രേഖ അവതരിപ്പിച്ചതും പാട്ടു തിരുത്തൽ ശ്രമത്തിനു തിരിച്ചടിയേറ്റതും. പുരോഗമന കലാസാഹിത്യ സംഘത്തിൽ നേതൃത്വം വഹിച്ചിരുന്ന വൈശാഖനും വി.എൻ.മുരളിയും സ്ഥാനമൊഴിയാൻ താൽപര്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക കൺവൻഷൻ വിളിച്ചുചേർത്തത്.
കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതനിരപേക്ഷ കക്ഷികളുമായും സഹകരിച്ച് ബിജെപിയെയും ആർഎസ്എസിനെയും നേരിടുകയെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ അനുകൂലിക്കുന്നവരാണ് പുരോഗമന കലാസാഹിത്യ സംഘത്തിലുള്ളവരെന്നും നേരത്തേതന്നെ സംസ്ഥാന പാർട്ടിക്കു വിമർശനമുള്ളതാണ്. അതിന്റെ തുടർച്ചയായിരുന്നു തിരുത്തലിനുള്ള ഇടപെടൽ.
Read also:കേരളത്തെ സഹായിക്കാൻ സച്ചിൻ അഭ്യർത്ഥിച്ചു ; സഹായവുമായി ആരാധകര്‍
ഈശ്വരനെ, പുറത്തല്ല, അവരവരുടെ ഉള്ളിൽ അന്വേഷിക്കണമെന്ന അർഥത്തിൽ ഭക്തകവി കബീർ രചിച്ച വരികൾ പുഷ്പവതി ആലപിച്ചപ്പോൾ പുകസയുടെ തൃശൂർ ജില്ലാ നേതൃത്വത്തിലുള്ള സഖാവാണ് ശബ്ദമുയർത്തിയത്. പാട്ട് മതനിരപേക്ഷമല്ലെന്നു വിലയിരുത്തിയ സഖാവ്, ആലാപനം തുടരാൻ പാടില്ലെന്നു വാദിച്ചു.
എന്നാൽ, പുഷ്പവതി പാട്ടു തുടർന്നു; ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ചിലർക്കു കൊള്ളുമെന്നും യഥാർഥ മതനിരപേക്ഷതയെക്കുറിച്ചു പാടുമ്പോൾ പലരുടെയും പൂച്ച് പുറത്തുചാടുമെന്നും പ്രസ്താവന നടത്തിയശേഷമാണു പുഷ്പവതി വേദിവിട്ടത്.
Post Your Comments