Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Festivals

അത്തപ്പൂക്കളത്തിന് പിന്നിലെ ഐതീഹ്യം ഇങ്ങനെ

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ

ചിങ്ങമാസത്തിലെ അത്തംനാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതില്‍ പ്രാദേശികമായ രീതിവ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല.

രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തില്‍ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും.

വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തില്‍ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാന്‍ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button