ഒത്തു ചേരലിന്റെ ഒരോണം കൂടി.. പൂവിയും ആര്‍പ്പു വിളിയുമായി ഓണം വന്നെത്തുകയായി. ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഓണം തുള്ളല്‍, ഓണത്തല്ല്, കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയെല്ലാം ഓണക്കളികള്‍ക്ക് ഉദാഹരണങ്ങളാണ്. ഓണവും വിഷുവും ടിവിയുടെ മുന്നിലും മാളുകളിലും ആഘോഷിക്കുന്ന ഇന്നത്തെ തലമുറക്ക് ഇതെല്ലാം അപരിചിതമായിരിക്കും. പുതുതലമുറക്ക് വേണ്ടി ചില ഓണക്കളികള്‍ പരിചയപ്പെടുത്തുന്നു.
പുലിക്കളി
ഓണക്കളികളില്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് പുലിക്കളി. നാലാം ഓണനാളിലാണ് പുലിക്കളി നടക്കാറുള്ളത്. തൃശൂരിന്റെ പുലിക്കളിയാണ് പ്രശസ്തമെങ്കിലും കൊല്ലത്തും തിരുവനന്തപുരത്തും പുലിക്കളി അരങ്ങേറാറുണ്ട്. പുലിയുടെ വേഷവും ചായവും പുരട്ടി നിശ്ചിത താളമില്ലാതെ നൃത്തം ചവിട്ടുകയും കോമാളിക്കളികള്‍ കളിക്കുകയും ചെയ്യുന്നതാണ് ഈ വിനോദം.
ഓണപ്പൊട്ടന്
ആചാരമായി കണക്കാക്കുന്ന ഒരു കലാരൂപമാണ് ഓണപ്പൊട്ടന് അല്ലെങ്കില്‍ ഓണത്താര്. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതീഹ്യം. മുന്നൂറ്റാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് വീടിലെത്തുന്ന ഓണപ്പൊട്ടന് മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വെയ്ക്കുന്ന ഓണപ്പൊട്ടന് വീടുകളില്‍ നിന്ന് ഓണക്കോടിയും ഭക്ഷണവും സ്വീകരിക്കുന്നു.
READ ALSO: ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം
കൈകൊട്ടിക്കളി
തിരുവാതിരക്കളിയോട് സാമ്യമുള്ള നൃത്തരൂപമാണ് കൈകൊട്ടിക്കളി. കേരളീയ വസ്ത്രമായ മുണ്ടും നേര്യതും ധരിച്ച വനിതകള്‍ പാട്ട്പാടി പ്രത്യേക താളത്തില്‍ കയ്യടിച്ച് വട്ടത്തില്‍ ചുവട് വെച്ച് കളിക്കുന്നു.
കുമ്മാട്ടിക്കളി
ഓണാഘോഷത്തിന്റെ ഭാഗമായി വരുന്ന ഒരു കളിയാണ് കുമ്മാട്ടിക്കളി. കുമ്മാട്ടിപ്പുല്‍ ദേഹത്ത് വെച്ച് കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്, അമ്മൂമ്മ, കൃഷ്ണന്, തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
ഓണത്തല്ല്
കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായിക വിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്.
READ ALSO: ഓണം മനോഹരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഓണംതുള്ളല്‍
വേല സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപമായതിനാല്‍ വേലന്‍ തുള്ളല്‍ എന്ന് കൂടെ അറിയപ്പെടുന്നുണ്ട്. ഉത്രാടനാളിലാണ് ഈ കളി തുടങ്ങുന്നത്. കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഒരു പുരുഷൻ, ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ടുകിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ആട്ടക്കളം കുത്തല്
പഴയകാലത്തെ പ്രധാന ഓണക്കളികളില്‍ ഒന്നാണിത്. മുറ്റത്ത് കോലുകൊണ്ട് ഒരു വൃത്തം വരയ്ക്കുന്നു. കുട്ടികള്‍ എല്ലാം അതിനുള്ളില്‍ നില്ക്കും. വൃത്തത്തിന് പുറത്തും ഒന്നോ രണ്ടോ ആളുകളും ഒരു നായകനും ഉണ്ടാകും. പുറത്ത് നില്ക്കുന്നവര് അകത്ത് നില്‍ക്കുന്നവരെ പിടിച്ച വലിച്ച് വൃത്തത്തിന് പുറത്ത് കൊണ്ട് വരികയോ വേണം. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊട്ടാല്‍ അകത്ത് നില്‍ക്കുന്നവര്‍ക്ക് പുറത്ത് നിന്നയാളെ അടിക്കാം. ഒരാളെ പുറത്ത് കടത്തിയാല്‍ പിന്നീട് അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരെയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു.
Post Your Comments