ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ് സത്യാഗ്രഹം. ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പ്‌നിര്‍മ്മാണത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ 1930 മാര്‍ച്ച് 12ന് -ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ, സബര്‍മതിയിലെ ഗാന്ധിയുടെ ആശ്രമം മുതല്‍ ദണ്ഡി വരെ നികുതി നല്‍കാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടര്‍ന്ന് നിയമ ലംഘനത്തിന്റെ പേരില്‍ ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് കേസു ചുമത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകള്‍ക്ക് ഏറെ മാറ്റം വരുത്താന്‍ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു.
ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വര്‍ഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലില്‍ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടര്‍ന്നു. ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകള്‍ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.
ബ്രിട്ടനെതിരേയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം. ഉപ്പിനും നികുതി ചുമത്തിയപ്പോള്‍, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാര്‍ഗ്ഗം കണ്ടെത്തുന്നത്. 1930 കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമരത്തിന്റെ രീതിയെ ഉടച്ചുവാര്‍ക്കാന്‍ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാള്‍ട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത്.
Post Your Comments