തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല കേസിൽ രണ്ട് പേര് കൂടി അറസ്റ്റില്‍. മുഖ്യപ്രതികളെ സഹായിച്ച തൊടുപുഴ ആനക്കൂട് ചാത്തന്മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുഖ്യപ്രതികൾ അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ പിടിയിലായവർ സഹായിച്ചെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം ഒന്നാം പ്രതി അനീഷിന്റെ അടിമാലി കൊരങ്ങാട്ടിയിലുള്ള വീട്ടില്‍നിന്നു തെളിവെടുപ്പിനിടെ താളിയോലഗ്രന്ഥവും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം കൃഷ്ണന്റെ വീട്ടില്‍നിന്നു കവര്‍ന്നതായിരുന്നു ഇവ. അടിമാലയിയില്നിന്ന് മടങ്ങിയ സംഘം കൊലപാതകം നടന്ന വീട്ടിലും പ്രതികളുമായി ഇന്നലെ തെളിവെടുപ്പു നടത്തി. മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് മന്ത്രവിദ്യകള് സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തതെനാണ് പോലീസിന്റെ കണ്ടെത്തൽ.
Post Your Comments