
തൊടുപുഴ: കമ്പകക്കാനം വണ്ണപ്പുറത്ത മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന അനീഷ് എന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരനും ഇയാളുടെ കൂട്ടാളിയായ മറ്റൊരു മന്ത്രവാദിയും പിടിയിലായതോടെ ക്രൂരമായ കൊലയുടെ പിന്നിലെ സംഭവങ്ങളുടെ ചുരുളുകൾ അഴിഞ്ഞു. ഇന്നലെ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശികളില്‍ നി്ന്നും ചോദ്യം ചെയ്ത മറ്റുള്ളവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ മന്ത്രശക്തി കിട്ടുമെന്ന് കരുതിയെന്നും കൂടെ പണം കവരാമെന്നും കരുതിയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് ഇരുവരും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ കൃഷ്ണന്റെ മകള്‍ ആശ ചെറുത്തുനിന്നെന്നും ഇതില്‍ അനീഷിന് പരിക്കേറ്റെന്നും മനസ്സിലായത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതോടെ കേരളത്തെ നടുക്കിയ കൂട്ടക്കൊലയ്ക്ക് ദിവസങ്ങള്‍ക്കകം തന്നെ തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞു.
ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അന്ന് വീട്ടിലെത്തി എല്ലാവരും കൊല്ലപ്പെട്ടുവെന്ന് കരുതിയ പ്രതികള്‍ മടങ്ങുകയും തിങ്കളാഴ്ച മൃതദേഹങ്ങള്‍ മറവുചെയ്യാനായി എത്തുകയും ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തിനിടെ പെണ്‍കുട്ടി ചെറുത്തുനിന്നു. ഇതോടെ അനീഷിന് മുറിവേറ്റു. പിറ്റേന്ന് മൃതദേഹങ്ങള്‍ മറവുചെയ്യാമെന്ന ധാരണയില്‍ എത്തിയപ്പോഴും കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു എന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടെ ഇവരെ ജീവനോടെ തന്നെ കുഴിച്ചുമൂടിയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൊലപാതകത്തിന് ശേഷം 40 പവനോളം ആഭരണവും കൃഷ്ണന്റെ വീട്ടില്‍ നിന്ന് കവര്‍ന്നിരുന്നു. ഇത് കണ്ടെത്തിയിട്ടുണ്ട്. അടിമാലി സ്വദേശിയായ മന്ത്രവാദിയാണ് അനീഷിനൊപ്പം പിടിയിലായിട്ടുള്ളത്.
Post Your Comments