Latest NewsKerala

ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി,സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ വെടി ഉതിര്‍ക്കേണ്ടിയിരുന്നത്? അലന്‍സിയറിനെതിരെ ജോയ് മാത്യു

ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തേക്കാള്‍ ചര്‍ച്ചയായത് നടന്‍ അലന്‍സിയറിന്റെ തോക്ക് ചൂണ്ടലായിരുന്നു. ഇതിനെതിരെ ജോയ് മാത്യു രംഗത്തെത്തി. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ? എന്നാല്‍ വിവരമറിയുമെന്നും അദ്ദേഹം പറഞ്ഞു.

വേദിയില്‍ മോഹന്‍ലാല്‍ സംസാരിക്കവേ മുന്നില്‍ നിന്ന് കൈ തോക്കിന്റെ ആകൃതിയിലാക്കി വേദിയിലേക്ക് ചൂണ്ടുകയായിരുന്നു അലന്‍സിയര്‍. മോഹന്‍ലാലിനെ തൊട്ടപ്പോള്‍ പതിവ് പോലെ ഫാന്‍സ് ഒന്നാകെ ഇളകി. അലന്‍സിയറിന് നേര്‍ക്ക് പൂരത്തെറിവിളിയും തുടങ്ങി. താന്‍ വിരല്‍ ചൂണ്ടിയത് മോഹന്‍ലാലിനോടുള്ള പ്രതിഷേധമായിട്ടല്ലെന്നും സമൂഹത്തിന് നേര്‍ക്കാണെന്നും അലന്‍സിയര്‍ പറഞ്ഞതൊന്നും ആരും കേട്ട മട്ടില്ല.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?
——————————————————————————————
സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ. ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു .വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക് .
അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .

അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ.
വിരൽ പ്രയോഗങ്ങൾ പലതാണ് .അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം. സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ?
മോഹൻലാലിനെ മുഖ്യ അതിഥിയായി  പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരൽ വെടി’ ഉതിർക്കേണ്ടിയിരുന്നത് ?
(എന്നാൽ വിവരമറിയും ).

അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ ‘വിരൽ വെടി പോയതെങ്കിലോ ?
(അപ്പോൾ ശരിക്ക് വിവരമറിയും ). അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്  അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button