കൊച്ചി: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ ശബ്ദിക്കില്ലെന്ന് നടൻ ജോയ് മാത്യു. ആർജ്ജവമുള്ള താനാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു. താനൊരു കോൺഗ്രസുകാരനാണോ എന്ന് ചോദിച്ചാൽ അറിയില്ലെന്നും താനൊരു കലാകാരനാണെന്നുമാണ് ജോയ് മാത്യു പറഞ്ഞത്. രാഹുൽ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുഴുവനും ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധി എന്ന ജനപ്രിയ നേതാവിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
ജോയ് മാത്യുവിന്റെ വാക്കുകൾ:
ഞാൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോൾ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും. അങ്ങനെയുള്ള കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനപ്പോൾ പൊതുസ്വത്താണ്. എന്റെ സിനിമ കോൺഗ്രസുകാർ മാത്രം കാണണം, കമ്യൂണിസ്റ്റുകാർ കാണേണ്ട, എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല.
കാരണം ഞാൻ ജനങ്ങളുടെ സ്വത്താണ്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതിൽ വേർതിരിവില്ല. ജാതി- വംശ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാൻ അങ്ങനെ കാണുന്നുമില്ല. നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണ്.
Post Your Comments