കർണ്ണാടകയിൽ കോൺഗ്രസ് വിജയിച്ചതിൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും അഭിനന്ദനങ്ങളുമായി നടൻ ജോയ് മാത്യു. ഒപ്പം, നോട്ടയെക്കാൾ കുറവ് കിട്ടിയ സി.പി.എമ്മുകാരെ അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. കർണാടകയിലെ കോൺഗ്രസിന്റെ വിജയം മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നുവെങ്കിലും, വ്യക്തിപരമായി തനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ് എന്നദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
നേരത്തെ, കോൺഗ്രസിനെ അഭിനന്ദിച്ചും സി.പി.എമ്മിനെ പരിഹസിച്ചും നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി നടന്നതിന് ഫലം കണ്ടുവെന്നും സൗത്ത് ഇന്ത്യയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ ഇനി കേരളവും കൂടി ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്നായിരുന്നു ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.
ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ്.
സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന്
ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി .
എന്നാൽ കർണാടകത്തിൽ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്. അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ് . ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?
Post Your Comments