ബുധനാഴ്ചയോടെയാണ് തൊടുപുഴ കമ്പകക്കാനത്ത് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് കൊലനടത്തിയതെന്ന് പോലീസ് പറയുന്നു. ആരും മൃതദേഹങ്ങള്‍ കണ്ടുപിടിക്കില്ല എന്ന ഉദ്ദേശത്തോടെയല്ല കൊല നടത്തിയവര്‍ ഇത് ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. വ്യക്തമായ പ്ലാനിങ്ങോടെ എത്തിയ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകള്‍ പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തി.വീടിന് പുറത്തേക്ക് ആരേയും കാണാതായതോടെ പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 10 മീറ്റര്‍ അകലെയുള്ള നാലടി മാത്രം ആഴമുള്ള ചാണകകുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്.
അക്രമികള്‍ കൃഷ്ണന്‍റെ തലയോട്ടി അടിച്ചു തകര്‍ത്തിട്ടുണ്ട്. മകന്‍ അര്‍ജ്ജുന്‍റെ കുടല്‍മാല കുത്തേറ്റ് പുറത്തേക്ക് വന്നിരുന്നു. സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ മുറിവുകള്‍ ഉണ്ട്. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്ന ആളുകളാണ് വീട്ടിലെത്തിയത് എന്നാണ് പോലീസ് ഉറപ്പിക്കുന്നത്. കാരണം വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്തിട്ടില്ല. അതേസമയം വീട്ടില്‍ എത്തിയവരുമായി കൃഷ്ണന്‍ മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു. വാക്കേറ്റം രൂക്ഷമായപ്പോള്‍ വീട്ടിലെത്തിയവര്‍ ഒപ്പം കൊണ്ടുവന്നവരെ വീടിന് അകത്തേക്ക് വിളിച്ച് വരുത്തി എല്ലാവരും ചേര്‍ന്ന് കൃഷ്ണനേയും മകനേയും വെട്ടി വീഴ്ത്തയതാകാം എന്നാണ് പോലീസ് കരുതുന്നത്.
ചുറ്റികയും വ്യത്യസ്ത രീതിയില്‍ ഉള്ള കത്തിയും ഉപയോഗിച്ചാണ് ഒരേ സമയം ആക്രമണം നടത്തിയിരിക്കുന്നത്. ഇതാണ് കൊലയില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കാന്‍ കാരണം. അതേസമയം മോഷണത്തിനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല.ഏകദേശം 30 പവനോളം ആഭരണങ്ങള്‍ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിയിലായിരുന്നു കൃഷ്ണനും കുടുംബവും. കൃഷ്ണന്‍റെ ഭാര്യ സുശീലയും മകള്‍ ആര്‍ഷയും ധാരാളം സ്വര്‍ണം അണിയുന്നവരായിരുന്നു എന്നാണ് റിപ്പോർട്ട്.
Post Your Comments