KeralaLatest News

കമ്പകക്കാനം കൂട്ടക്കൊല; പിടിയിലായ ലീഗ് നേതാവ് നിരവധി കേസുകളിലെ പ്രതി

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും പിടിയിലായ മുസ്ളീം ലീഗ് നേതാവ് ഷിബു നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തി.

ഷിബു സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പോലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്.

പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നൽകി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്നതാണ് പിടിയിലായ ഷിബുവിന്റെ പേരിലുള്ള അവസാനത്തെ കേസ്. കല്ലറ സ്വദേശിയുടെ കാർ എടുത്തു ലോൺ വച്ചു പണം വാങ്ങിയതുൾപ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്നാട്ടിൽ പൂജ നടത്തിയതിന്റെ പേരിലുള്ള തർക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണൻ തമിഴ്നാട്ടിൽ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താൻ പ്രത്യേക പൂജ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്ന തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Read also:കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന്‍ എടുത്തത് ഈ കാരണം: രണ്ടുപേർ കസ്റ്റഡിയിൽ

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗൺമാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂ‍ർക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമൻഡാന്റ് രാജശേഖരന്‍. ഇപ്പോൾ സജീവ ബിജെപി പ്രവർത്തകനാണ് ഇയാളെന്നും പോലീസ് പറഞ്ഞു. സർവീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളർ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നു കുറച്ചുകാലം ഇയാൾ സസ്പെൻഷനിൽ ആയിരുന്നു. തൃശൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമൻഡാന്റിനെ കസ്റ്റഡിയിലെടുത്തത്.

പിടിയിലായ തച്ചോണം സ്വദേശി ഇര്‍ഷാദിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണു സൂചന. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേർ നിലവിൽ പോലീസിന്റെ പിടിയിലുണ്ട്. ഇവരെ ഇടുക്കി എആർ ക്യാംപിൽ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവർക്കു കൊല്ലപ്പെട്ടയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണു പോലീസിന് ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോൺ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നൽകിയാൽ ഒരുലക്ഷമാക്കി തിരിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോൺ സംഭാഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button