ഇടുക്കി : കനത്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നു. ഡാം തുറക്കേണ്ട സാഹചര്യം വന്നതിനാൽ അതിനുമുന്നോടിയായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് . 2013ൽ ഇടമലയാർ അണക്കെട്ട് തുറന്നു വിട്ടപ്പോൾ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവർ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അതോറിട്ടി മുന്നറിയിപ്പ് നൽകി .
പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാൻ അന്യ ജില്ലക്കാർ വിനോദ സഞ്ചാരികളായി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കും.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരം നിലവിൽ ഒഴിവാക്കുന്നതാണ് ഉത്തമം. ഷട്ടർ തുറന്ന ശേഷം ഒരു കാരണവശാലും നദി മുറിച്ചു കടക്കരുതെന്നും പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്ക്കരുതെന്നും സെൽഫി എടുക്കരുതെന്നും നിർദ്ദേശിക്കുന്നു. നദിക്കരയിൽ താമസിക്കുന്നവർ നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുകയും പ്രദേശവാസികൾ ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെയ്ക്കുകയും ചെയ്യണം.
ടോർച്ച്, റേഡിയോ, 500 മി.ലി. വെള്ളം, ഒ.ആർ.എസ് ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിൻ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററിയും, കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ, അത്യാവശ്യം കുറച്ച് പണം എന്നിവയാണ് കിറ്റിൽ കരുതേണ്ടത്.
Read also:ട്രോളിങ് നിരോധനത്തിന് ഇന്ന് അവസാനം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയിൽ ശ്രദ്ധിക്കുക
1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3. തൃശൂര് MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz
ആവശ്യമാണെങ്കിൽ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ അധികൃതരെ ബന്ധപ്പെടുക.പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.
ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവൽ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക.മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ
എറണാകുളം – 0484-1077 (Mob:7902200300, 7902200400)
ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
തൃശൂർ – 0487-1077, 2363424 (Mob: 9447074424)
അടിയന്തര ജില്ലാ കാര്യ നിർവഹണ കേന്ദ്രം – ഇടുക്കി
04862233111, 233130, 9383463036, 9061566111
താലൂക്ക് കൺട്രോൾ റൂം ഇടുക്കി – 04862 235361
താലൂക്ക് കൺട്രോൾ റൂം തൊടുപുഴ – 04862 222503
താലൂക്ക് കൺട്രോൾ റൂം ഉടുമ്പൻചോല – 04868 32050
താലൂക്ക് കൺട്രോൾ റൂം ദേവികുളം – 04865 264231
താലൂക്ക് കൺട്രോൾ റൂം പീരുമേട് – 04869 232077
Post Your Comments