ന്യൂഡെല്‍ഹി: പാമ്പുകടിയേറ്റാല്‍ ആളുകള്‍ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 2030ഓടെ പാമ്പുകടിയേറ്റുള്ള അംഗവൈകല്യവും മരണവും പകുതിയായി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പദ്ധതിക്ക് കീഴില്‍, പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും ആരംഭിക്കും.
ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 30-40 ലക്ഷം ആളുകള്‍ക്ക് പാമ്പുകടിയേല്‍ക്കുന്നു. ഏകദേശം 50,000 പേര്‍ ഇതുമൂലം മരിക്കുന്നു. പാമ്പുകടിയേറ്റാല്‍ ക്ലിനിക്കിലോ ആശുപത്രിയിലോ പോകുന്നവര്‍ വളരെ കുറവാണ്.
പാമ്ബ് കടിയേറ്റാല്‍ എന്ത് ചെയ്യണം?
* പാമ്പ് കടിയേറ്റ വ്യക്തിയെ സമാധാനിപ്പിച്ച് ശാന്തനാക്കുക.
* പാമ്പില്‍ നിന്ന് പതുക്കെ അകലം പാലിക്കുക
* മുറിവേറ്റ ഭാഗം ചലിപ്പിക്കരുത്, കടിയേറ്റ സ്ഥലം തുറന്നുവെക്കുക.
* പാമ്പ് കടിയേറ്റ സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള ആഭരണങ്ങള്‍, വാച്ച്, മോതിരം അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.
* കടിയേറ്റയാളെ ചെരിച്ച് കിടത്തുക.
* ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.
പാമ്പ് കടിയേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
* പാമ്പ് കടിയേറ്റ ആളെ പരിഭ്രാന്തരാക്കരുത്.
* പാമ്പിനെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യരുത്. പ്രതിരോധത്തിനായി പാമ്പ് നിങ്ങളെ കടിച്ചേക്കാം.
* പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കരുത്. ഈ മുറിവില്‍ ആന്റി വെനം ഇഞ്ചെക്ഷനോ മരുന്നോ പ്രയോഗിക്കരുത്.
* മുറിവ് കെട്ടി രക്തചംക്രമണം നിര്‍ത്താന്‍ ശ്രമിക്കരുത്
* രോഗിയെ മലര്‍ത്തി കിടത്തരുത്. ഇത് ശ്വാസനാളത്തില്‍ തടസം സൃഷ്ടിച്ചേക്കാം.
* പരമ്പരാഗത ചികിത്സ പരീക്ഷിക്കരുത്
Post Your Comments