KeralaLatest News

ഗുരുപൂജ: രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം

തൃശൂര്‍ •തൃശൂർ ചേർപ്പ് സി.എൻ.എൻ സ്ക്കൂളിലെ വേദവ്യാസജയന്തിയുടെ ഭാഗമായി നടത്തിയ ഗുരുപൂജയ്ക്കെതിരെ രൂക്ഷവിമര്‍ശനവിമായി വി.ടി ബല്‍റാം എം.എല്‍.എ. സ്കൂളിലൂടെ അറിവിന്റെ രൂപത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല, ഭരണഘടനാപരമായി സ്റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാർവ്വത്രികമായും നൽകേണ്ട മൗലികാവകാശമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: അത് ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല; വിമര്‍ശനവുമായി വി.ടി ബല്‍റാം

അധ്യാപകരെന്നത് ഇന്നത്തെക്കാലത്ത് സർവ്വസംഗപരിത്യാഗികളായ അറിവിന്റെ നിറകുടങ്ങളുമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകളുടെ പ്രയോജനം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പേരിലവരെ അപ്രീഷ്യേറ്റ് ചെയ്യുന്നതിൽ തെറ്റില്ല, എന്നാൽ അതിങ്ങനെ കാൽ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡൽ ഭക്തി പ്രകടിപ്പിച്ചുമാകണോ എന്നതാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ താത്പര്യമുണ്ടെന്നും ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംസ്ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരിൽ അഭിമാനബോധമുള്ള വിദ്യാർത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിർത്തിയിരിക്കുന്നത്. സംഘ് പരിവാർ നിയന്ത്രണത്തിലുള്ള ചേർപ്പ് സിഎൻഎൻ സ്ക്കൂളിലാണ് വേദവ്യാസജയന്തിയുടെ ഭാഗമായി ഗുരുപൂജ എന്ന പേരിലുള്ള ഈ കാലുപിടുത്തം!

സ്കൂളിലൂടെ അറിവിന്റെ രൂപത്തിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല, ഭരണഘടനാപരമായി സ്റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാർവ്വത്രികമായും നൽകേണ്ട മൗലികാവകാശമാണ്. അധ്യാപകരെന്നത് ഇന്നത്തെക്കാലത്ത് സർവ്വസംഗപരിത്യാഗികളായ അറിവിന്റെ നിറകുടങ്ങളുമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകളുടെ പ്രയോജനം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പേരിലവരെ അപ്രീഷ്യേറ്റ് ചെയ്യുന്നതിൽ തെറ്റില്ല, എന്നാൽ അതിങ്ങനെ കാൽ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡൽ ഭക്തി പ്രകടിപ്പിച്ചുമാകണോ എന്നതാണ് ചിന്തിക്കേണ്ടത്.

ഏത് സംസ്ക്കാരമാണിവർ ഇത്ര കേമമായി തലയിലേറ്റി വക്കുന്നത്? മനുഷ്യനെ പല തട്ടുകളിലായിത്തിരിച്ച് മാറ്റിനിർത്തിയിരുന്ന പഴയകാലത്തെ അധീശ സംസ്ക്കാരത്തേയോ? മിടുക്കനായ വിദ്യാർത്ഥിയുടെ കുലം നോക്കി അവന്റെ പെരുവിരൽ മുറിച്ചെടുപ്പിക്കുന്ന സവർണ്ണ ഗുരുക്കളുടെ സംസ്ക്കാരത്തേയോ? ഭക്തിയും അനുസരണയും അമിത അച്ചടക്കവുമൊക്കെയാണ് ഇന്നും പലരും ഉന്നത സാംസ്ക്കാരിക മൂല്യങ്ങളായി കരുതിവച്ചിരിക്കുന്നത്. അനുസരണയുള്ള, നിവർന്നുനിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു ജനതയാണ് ഇത്തരം സംസ്ക്കാര വാദികളുടേയും പാരമ്പര്യവാദികളുടേയും എക്കാലത്തുമുള്ള സ്വപ്നം. എന്നാൽ മാത്രമേ നാട് ഭരിക്കുന്ന അമ്പത്താറിഞ്ച് അതിമാനുഷരുടെ ഏകപക്ഷീയമായ മങ്കി ബാത്ത് തള്ളുകൾ കണ്ണു മിഴിച്ച് നിന്ന് ഏറ്റുവാങ്ങുന്ന അടിമക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാൻ കഴിയൂ എന്ന് അവർക്കറിയാം. അത് മനസ്സിലാക്കി പ്രതിരോധിക്കാൻ, പ്രതിരോധത്തിന്റെ നവ സംസ്ക്കാരം സൃഷ്ടിക്കാൻ കേരളത്തിനെങ്കിലും സാധിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ കാലത്ത് തുല്യതയാണ്, പരസ്പര ബഹുമാനമാണ് സംസ്ക്കാരം എന്ന് ഇതുപോലുള്ള വിദ്യാലയ നടത്തിപ്പുകാർ മനസ്സിലാക്കിയില്ലെങ്കിലും ജനാധിപത്യ സർക്കാർ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെങ്കിലും മനസ്സിലാക്കാൻ കഴിയണം.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത് എന്നറിയാൻ താത്പര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button