Kerala

അത് ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല; വിമര്‍ശനവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് ജോസ്.കെ മാണിക്ക്  വിട്ടുകൊടുത്തതില്‍ പ്രതിഷേധവുമായി വി.ടി ബല്‍റാം രംഗത്ത്. ലോക്‌സഭയില്‍ ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള ഒരാളെയാണ് ആ പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മാണി പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ,

Also Read : പ്രമുഖ മലയാളം വാര്‍ത്താ ചാനലിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്‌ പരാതി നല്‍കി

കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് യുഡിഎഫിനെ വഞ്ചിച്ച് പുറത്തു പോയ, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഇന്നലെ വൈകുന്നേരം വരെ സിപിഎമ്മിനെ പിന്തുണച്ചിരുന്ന, ബത്തേരിയില്‍ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്ന, കേരള കോണ്‍ഗ്രസ് (മാണി) എന്ന പാര്‍ട്ടിക്ക് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച് അപമാനകരമാണെന്ന് ആവര്‍ത്തിക്കുന്നു. ലോക്‌സഭയില്‍ ഒരു വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള ഒരാളെയാണ് ആ പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നത് അതിനേക്കാള്‍ കഷ്ടമാണ്. കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ ഇപ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല എന്നാണറിയുന്നതെങ്കിലും ഒരു വര്‍ഷത്തോളം അവിടെ ഒരു ജനപ്രതിനിധിയുടെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് നാട്ടുകാരോട് വിശദീകരിക്കേണ്ടുന്ന അധിക ജോലി കൂടി യുഡിഎഫിന്റെ തലയില്‍ വന്നു ചേരുകയാണ്.

Image result for jose k mani

മാണി പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല. ഏതായാലും കോണ്‍ഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചയും ഇതേക്കുറിച്ച് നടന്നിട്ടില്ല എന്നതാണ് വാസ്തവം. ബുദ്ധിശൂന്യമായ ഈ നീക്കം കേരളത്തില്‍ സൃഷ്ടിക്കാന്‍ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമായിരിക്കും. കെപിസിസി എക്‌സിക്യൂട്ടീവിലോ രാഷ്ട്രീയ കാര്യ സമിതിയിലോ പാര്‍ലമെന്ററി പാര്‍ട്ടിയിലോ ഇതു സംബന്ധിച്ച ഗൗരവതരമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നതാണ് പല മുതിര്‍ന്ന നേതാക്കളുടേയും പരസ്യ പ്രതികരണങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം. ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള എന്ത് മാന്‍ഡേറ്റാണ് ഈപ്പറഞ്ഞ നേതാക്കള്‍ക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. രണ്ട് ഗ്രൂപ്പുകളുടെ നേതാക്കള്‍ മറ്റാരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം ഏതെങ്കിലും തീരുമാനമെടുത്താല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.

Also Read : ഒരു ‘സീരിയൽ നടിയിൽ ‘നിന്നു അവാർഡു വാങ്ങുകയോ ? ഈഗോയും അഹന്തയും നിറഞ്ഞുനിൽക്കുന്ന താരങ്ങളെക്കുറിച്ച് സോമരാജൻ പണിക്കര്‍ എഴുതുന്നു…

പാര്‍ട്ടിയുടെ വിശാല താത്പര്യങ്ങള്‍ക്കനുസൃതവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ സംരക്ഷിക്കുന്നതുമായ തീരുമാനങ്ങളാണ് ഇങ്ങനെ എടുക്കുന്നതെങ്കില്‍ ആ നിലക്കെങ്കിലും അവ അംഗീകരിക്കപ്പെടും. പക്ഷേ, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പരസ്പരം മേല്‍ക്കൈ നേടാനുള്ള കുതന്ത്രങ്ങള്‍ ഒളിച്ചു കടത്താനും നോക്കുകയാണെങ്കില്‍ അതിനെ കണ്ണടച്ച് അംഗീകരിച്ച് ഈ നേതാക്കള്‍ക്ക് ഹലേലുയ പാടാന്‍ ഗ്രൂപ്പുകള്‍ക്കപ്പുറത്ത് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിയും എന്ന് തോന്നുന്നില്ല.

Image result for v t balram

കേരളത്തിലെ കോണ്‍ഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നു. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന, കുറച്ചുകൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്ന, പൊതു സമൂഹത്തിന് മുന്‍പില്‍ കുറച്ചു കൂടി വിശ്വാസ്യത പുലര്‍ത്തുന്ന, പുതിയ കാലത്തിന്റെ രാഷ്ട്രീയം പറയാനറിയാവുന്ന, സ്വന്തം അധികാര പദവികള്‍ക്കപ്പുറത്ത് കോണ്‍ഗ്രസിന്റേയും മതേതര കേരളത്തിന്റേയും ഭാവിയേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഒരു നേതൃത്ത്വമുണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Image result for congress

ഇപ്പോഴുള്ള പാര്‍ട്ടി നേതൃത്വം മാത്രമല്ല, സമീപ ഭാവിയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരും ഈ വിഷയങ്ങളിലൊക്കെ തന്ത്രപരമായ മൗനമവലംബിച്ച്, ആരെയും പിണക്കാതെ, പദവികള്‍ ഉറപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണെന്ന് തോന്നുന്നു. സത്യത്തില്‍ ഇതാണ് പാര്‍ട്ടിയുടെ ഭാവിയേക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കെപിസിസി തലപ്പത്തേക്ക് കടന്നുവരാന്‍ കേരളത്തിലും ഡല്‍ഹിയിലുമായി ലോബിയിംഗില്‍ മുഴുകിയിരിക്കുന്ന പ്രമുഖ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം പിടിച്ചു നിര്‍ത്താന്‍ വേണ്ടിയെങ്കിലും ഈയവസരത്തില്‍ രണ്ട് വാക്ക് പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായം പറയുന്നവര്‍ വേട്ടയാടപ്പെടുന്ന, മൗനമാചരിക്കുന്നവര്‍ മിടുക്കരാവുന്ന ഒരു ചുറ്റുപാടില്‍ പ്രതീക്ഷാജനകമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button