കണ്ണൂര്‍ : പാർട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് കുറ്റപത്രം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്‍കിയതും സി.പി.എം. ലോക്കല്‍ സെക്രട്ടറിയാണെന്നാണ് പോലീസ് കുറ്റപത്രം.
അന്വേഷണ ഉദ്യോഗസ്‌ഥനായ മട്ടന്നൂര്‍ സി.ഐ: എ.വി. ജോണ്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു സി.പി.എം. എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്തിന്റെ പങ്ക് വ്യക്‌തമാക്കുന്നത്. കേസില്‍ പ്രശാന്ത് ഉള്‍പ്പെടെ ആകെ 17 പ്രതികളുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. പ്രശാന്തിനു പുറമേ സി.പി.എം. പ്രവര്‍ത്തകരായ അവിനാഷ്, നിജില്‍, സിനീഷ്, സുബിന്‍, പ്രജിത്ത് എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
പിടികൂടാനുള്ള ആറുപേരും ഒളിവിലാണെന്നു പോലീസ് പറയുമ്പോഴും പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നു കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ കൈയിലെ ചരടിലുണ്ടായിരുന്ന രക്‌തക്കറ കേസില്‍ നിര്‍ണായകതെളിവായി കുറ്റപത്രത്തില്‍ പറയുന്നു.
സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഷുഹൈബ് ഇടപെട്ടതാണു വൈരാഗ്യത്തിനു കാരണം. നേരത്തേ അറസ്‌റ്റിലായ എം.വി. ആകാശ് ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരി 12-നു രാത്രി 10.45-ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്‌ക്കു മുന്നിലാണു ഷുഹൈബ് വെട്ടേറ്റുമരിച്ചത്.
Post Your Comments