കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും സുഹൃത്ത് ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് ഇവർക്കെതിരെ കാപ്പ ചുമത്തിയത്. ആകാശ് തില്ലങ്കേരിക്കെതിരെയുള്ള നടപടിയ്ക്ക് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരവേ, ജിജോ തില്ലങ്കേരിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
‘വയസ്സ് – 30. 26 വയസ്സിൽ കല്യാണം. 26 വയസ്സിനുള്ളിൽ 23 കേസുകൾ, കല്യാണത്തിന് ശേഷം ഇപ്പോൾ വിവാദമായ കേസ് അല്ലാതെ മറ്റൊരു കേസ് ആക്കിയിട്ടില്ല. പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയപ്പോൾ, ചെയ്യുന്ന കാര്യങ്ങൾ ഒരു പാർട്ടിക്കാരൻ ചെയ്യാൻ പാടില്ലാത്തത് ആണ് എന്ന ഉത്തമ ബോധ്യം ഉളളതു കൊണ്ട് മെമ്പർഷിപ്പ് പുതുക്കാതെ നിന്നു. അല്ലാതെ പാർട്ടി എന്നെ പുറത്താക്കിയതല്ല. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണിനെയും, കുട്ടിയെയും ഒരു കുറവും വരാതെ നോക്കാൻ, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ചില മേഖലകളിലേക്ക് പോയത് ഒരിക്കലും എന്റെ മനസ്സിൽ തെറ്റായിരുന്നില്ല. ഒരു ചെവി കേൾക്കാതെ, പുറത്ത് ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്ന എനിക്കൊക്കെ ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ തോന്നില്ല’, ഇതായിരുന്നു ജിജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
അതേസമയം, ഷുഹൈബിനെ കൊന്നത് താനാണെന്ന ആകാശിന്റെ വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആറുവർഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു.
Post Your Comments