കണ്ണൂര്‍: സിപിഐഎമ്മില്‍ നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി. പാര്‍ട്ടി തന്നെ പുറത്താക്കി എന്ന വാദം തെറ്റാണെന്നും പാര്‍ട്ടി മെമ്പറായി നില്‍ക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്‌തെന്ന് തിരിച്ചറിഞ്ഞ് ആണ് സ്വയം മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തിയും വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുമെന്നും ജിജോ പറയുന്നു. ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്തുകൊണ്ടുള്ള തന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജിജോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്വട്ടേഷനും സ്വര്‍ണക്കടത്തും ആരോപണം ഉന്നയിക്കുന്നവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാനിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പറഞ്ഞു. 26 വയസിനിടയില്‍ 23 കേസുകളില്‍ പ്രതിയായി. കുടുംബം നോക്കാന്‍ മറ്റ് മേഖലകളിലേക്ക് പോയത് തെറ്റായി കാണുന്നില്ല. ശരീരത്തില്‍ ബോംബിന്റെ ചീളുമായി നടക്കുന്നയാളാണ് താനെന്നും ഉളുപ്പില്ലാത്തവന്‍ എന്ന് ആയിരം തവണ കേള്‍ക്കേണ്ടി വന്നാലും ഇടതുപക്ഷ രാഷ്ട്രീയം വിടില്ലെന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത പോസ്റ്റിലൂടെ ജിജോ അറിയിച്ചു.
അതേസമയം ഒരു മാസത്തിനിടെ ആകാശ് തില്ലങ്കേരിയോ താനോ കൊല്ലപ്പെടുമെന്ന് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. കണ്ണൂരിലെ പാര്‍ട്ടി നേതൃത്വവുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി ആര്‍എസ്എസും മറ്റും ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിന്റെ പാപക്കറ സിപിഐഎമ്മിന് മേല്‍ കെട്ടിവെച്ച് വേട്ടയാടരുതെന്നും ഉത്തരവാദി പാര്‍ട്ടി അല്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഈ പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
Post Your Comments