അഹമ്മദാബാദ്: അഹമ്മദാബാദ് മുനിസിപ്പല്‍ സ്കൂളുകളില്‍ കുട്ടികളുടെ തലമുടി ഇനി സൗജന്യമായി വെട്ടിക്കൊടുക്കും. മാസത്തിലൊരിക്കലാണ് സൗജന്യ മുടിവെട്ട്. ശുചിത്വപദ്ധതിയായ ‘ഏക് കദം സ്വച്ഛതാ കി ഓറി’ല്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ വ്യക്തിശുചിത്വശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് നടപടി. 380 സ്കൂളുകളിലായി പ്രൈമറി ക്ലാസുകളിലെ 1.25 ലക്ഷം കുട്ടികളെ പദ്ധതിക്കുകീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഏയ്സ്തെറ്റിക്സ് ആന്‍ഡ് സ്പാ (ഐ.എസ്.എ.എസ്.) എന്ന സന്നദ്ധസംഘടനയുമായി കരാർ ഒപ്പിട്ടു. ജൂലായ് അവസാനത്തോടെ പദ്ധതിക്ക് തുടക്കമാകും. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുമതി വാങ്ങിയശേഷമാണ് മുടിവെട്ടുക. എ.എം.സി. സ്കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ചേരിപ്രദേശത്തുനിന്നുള്ളവരാണ്. മുടിവെട്ടുന്നതിന് 70 രൂപയാണ് കുറഞ്ഞകൂലിയായി വാങ്ങുക. ഇത്രയും പണം കണ്ടെത്താന്‍ കഴിയാത്തതിനാൽ മിക്ക കുട്ടികളും വ്യക്തി ശുചിത്വം പാലിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികളിലും അവരിലൂടെ കുടുംബത്തിലും ശുചിത്വശീലം വളര്‍ത്താനാണ് പദ്ധതി.
Post Your Comments