വെള്ളമുണ്ട: കണ്ടത്തുവയലില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട് മൂന്നു ദിവസമായിട്ടും കേസ് തെളിയിക്കുന്നതിനുള്ള സൂചന ലഭിക്കാതെ അന്വേഷണ സംഘം. കൊല നടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തരിച്ചറിയാതെയാണ് മൂന്നാംദിവസവും അന്വേഷണം പിന്നിട്ടത്. വ്യാഴാഴ്ച രാത്രിയാണ് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19)എന്നിവര്‍ വെട്ടേറ്റു മരിച്ചത്. ഇരട്ടക്കൊല മോഷണത്തിനിടെയാണെന്നു പോലീസ് വിശ്വസിക്കുന്നില്ല. കേവലം പത്തു പവന്റെ ആഭരണങ്ങള്‍ മാത്രമാണ് വീട്ടില്‍നിന്നു നഷ്ടപ്പെട്ടത്. എന്നാല്‍ മറ്റൊരു കാരണം കണ്ടെത്താന്‍ പോലീസിന് കഴിയുന്നുമില്ല.മോഷണം, വ്യക്തിവൈരാഗ്യം, സംഘടനാവൈരാഗ്യം,ആളെ മാറിക്കൊലപ്പെടുത്തല്‍ എന്നിവയെല്ലാം കൊലപാതക കാരണമായേക്കാമെന്ന അവസ്ഥയില്‍ മുന്‍വിധികളില്ലാതെയാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
തബലിഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ഉമ്മറിന്റെ കുടുംബം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ മതപഠന ക്ലാസുകള്‍ നടത്തുകയും പ്രദേശത്തെ മുസ്ലിം വീടുകളില്‍ പ്രബോധനം നടത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി ഒന്നരമാസം മുമ്പ് മുസ്ലിം വിഭാഗങ്ങളിലെ ചിലര്‍ പോലീസില്‍ പരാതി നല്‍കുകയുണ്ടായി. പോലീസില്‍നിന്നു പരാതിക്കാനുകൂലമായ നടപടി ഉണ്ടാകാത്തത്തിനെത്തുടര്‍ന്നു കുടുംബത്തിനു ഭീഷണി ഉണ്ടായതായും ഇതുമായി ബന്ധപ്പെട്ട് കണ്ടത്തുവയലില്‍ തര്‍ക്കം നടന്നതായും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്.
ഇക്കാര്യങ്ങള്‍ നിസാരമായി കാണാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെ വിളികള്‍ പരിശോധിക്കുന്നുണ്ട്. കണ്ടത്തുവയലിലും സമീപങ്ങളിലുമുള്ള സിസി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളമെടുപ്പും ഇന്നലെയും തുടര്‍ന്നു. ആളുമാറി നടന്ന ക്വാട്ടേഷന്‍ കൊലയാണ് കണ്ടത്തുവയലില്‍ നടന്നതെന്ന അഭിപ്രായവും നാട്ടുകാരില്‍ ശക്തമാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കൊല നടന്നതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച പ്രാഥമിക വിവരം. മൂര്‍ച്ചയേറിയ ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. സീന്‍ മഹസര്‍ തയാറാക്കുന്നതിനു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ഫോറന്‍സിക് സര്‍ജന്‍ ഇന്ന് ഉച്ചയോടെ കണ്ടത്തുവയലിലെത്തും. മാനന്തവാടി ഡിവൈഎസ്പി കെ.എം.
ദേവസ്യയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സിഐമാരും നാല് എസ്ഐ ഉള്‍പ്പെടുന്ന സംഘം ആറ് ഉപഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്.
Post Your Comments