കോട്ടയം: ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ജലന്ധറില്‍ നിന്നുമെത്തിയ മദര്‍ ജനറലും സംഘവും ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നല്‍കിയത് താമസിച്ചാണെന്ന ജലന്ധര്‍ ബിഷപ്പിന്റെ വാദം ഇതോടെ തെറ്റാണെന്ന് തെളിയുകയാണ്. 2017 ജനുവരിയില്‍ കന്യാസ്ത്രീ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് ജലന്ധറില്‍ നിന്നുള്ള സംഘം കുറവിലങ്ങാടുള്ള മഠത്തിലെത്തി പരാതി നല്‍കിയ കന്യാസ്ത്രീയെ കണ്ട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കന്യാസ്ത്രീയുടെ ബന്ധുക്കളുമുണ്ടായിരുന്നുവെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് കന്യാസത്രീ പരാതിപ്പെട്ടിരുന്നില്ലെന്നും സഭയ്ക്കുള്ളിലുള്ള ചൂഷണങ്ങളെക്കുറിച്ചാണ് കത്തില്‍ പറഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വത്തിക്കാനിലെ പ്രതിനിധിക്ക് പരാതി അയച്ചത്. നീതി ഉറപ്പാക്കാനായാണ് പോലീസില്‍ പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
Post Your Comments