
കൊച്ചി : ഭൂമിയിടപാടു കേസില്‍ സിറോ മലബാര്‍ സഭയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും കൈവിടാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സിറോ മലബാര്‍ സഭയുടെ താമരശേരി, സിറോ മലങ്കര സഭയുടെ ബത്തേരി രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണു സംസ്‌ഥാന റവന്യൂ വകുപ്പ് സഭകള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്.
പള്ളികളുടെ ഭൂമിയും ആസ്‌തിയും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു പ്രത്യേക അവകാശമില്ലെന്നാണു റവന്യൂവകുപ്പിന്റെ നിലപാട്. പള്ളിവക സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഭൂമിയില്ലാത്തതിനാല്‍, അവ സര്‍ക്കാരിന് അവകാശപ്പെട്ടതല്ല. അവ സ്വകാര്യ സ്വത്തായി ആര്‍ജിച്ചിട്ടുള്ളതാണ്. അതിനാല്‍, സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നാണു വിശദീകരണം.
കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പൊതു ട്രസ്‌റ്റാണെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ വെട്ടിലായ സഭാനേതൃത്വത്തിനു സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ ആശ്വാസമാകും.
സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാക്രൈസ്‌തവ സഭകളെയും ബാധിക്കുമെന്നാണു ബത്തേരി, താമരശേരി രൂപതകളുടെ വാദം. കേസ് ഈമാസം പരിഗണിക്കും. എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയിയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണു പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടു വിചാരണ നേരിടണമെന്നു നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരായാണു രൂപതകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരായ ഭൂമിയിടപാടുകേസിലാണു ഹൈക്കോടതി വിധിയെങ്കിലും മലങ്കര, ലത്തീന്‍ റീത്തുകള്‍ക്കും ബാധകമാകുന്ന സ്‌ഥിതിയാണ്. പള്ളികളുടെ ഭൂമിയും ആസ്‌തിയും വില്‍ക്കുന്നതിനു ബിഷപ്പുമാര്‍ക്കു അധികാരമില്ലെന്ന നിരീക്ഷണത്തോടെ ഭൂമിയുള്‍പ്പെടെയുള്ള സകല വസ്‌തുവകകളുടെ ക്രയവിക്രയാവകാശവും ബിഷപ്പിനു നഷ്‌ടപ്പെട്ട സ്‌ഥിതിയാണ്. ഇതുവഴി ഗുരുതര ഭരണപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments