KeralaLatest News

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യയും കയ്യൊഴിഞ്ഞു : നാടുകടത്തുന്നതാകട്ടെ ഇന്ത്യയിലേയ്ക്കും

 

ന്യൂഡല്‍ഹി : വിവാദ മതപ്രഭാഷകന്‍ തീവ്രവാദത്തിന്റെ കണ്ണിയുമായ സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തുന്നു. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്കു നാടുകടത്തുമെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സാക്കിര്‍ നായിക്ക് ഇന്ന് ഇന്ത്യയിലേക്കു വിമാനം കയറുമെന്ന് മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

Read Also : എസ് ഡി പി ഐയുമായുള്ള ബന്ധത്തെ പറ്റി പി സി ജോർജിന്റെ പ്രതികരണം

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയില്‍ 2016 ജൂലൈയില്‍ സ്ഫോടനം നടത്തിയ ഭീകരര്‍ സമ്മതിച്ചിരുന്നു. ഇതെത്തുടര്‍ന്നു പൊലീസ് അന്വേഷിക്കുന്നതിനിടെ 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തീവ്രവാദവിരുദ്ധ നിയമങ്ങള്‍ പ്രകാരമാണു കേസെടുത്തത്. നായിക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) എതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ഗീയതയും വിഭാഗീയതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തി ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരമാണു കേസ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയിലെ അംഗമാകല്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയില്‍ പങ്കുചേരല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തീവ്രവാദം പ്രചരിപ്പിക്കുന്ന പീസ് ടിവി ചാനലുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐആര്‍എഫിന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഈ തീരുമാനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു. രാജ്യ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്ന പ്രസ്ഥാനം എന്ന നിലയില്‍ നിരോധനത്തിന് മതിയായ കാരണം ഉണ്ടെന്നും നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ നായിക് പരാജയപ്പെട്ടുവെന്നും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സംഗീത ധിന്‍ഗ്ര അധ്യക്ഷയായുള്ള ട്രൈബ്യൂണല്‍ വിലയിരുത്തിയിരുന്നു.

സാക്കിര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്കു വിദേശത്തു നിന്ന് മൂന്നു വര്‍ഷത്തിനിടെ 60 കോടി രൂപ എത്തിയതായി മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. മൂന്നു വിദേശരാജ്യങ്ങളില്‍ നിന്നായി സാക്കിറിന്റെ അഞ്ചു കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നാണ് നിഗമനം. സാക്കിര്‍ നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കല്ല പണം എത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button