എല്ലൊടിഞ്ഞാല്‍ പ്ലാസ്റ്ററിടണം. വര്‍ഷങ്ങളായി നാം വിശ്വസിച്ച് പോരുന്ന കാര്യമാണിത്. ആരോഗ്യ രംഗത്തുള്‍പ്പടെ നൂതന സാങ്കതിക വിദ്യയും പുതിയ പരീക്ഷണങ്ങളും വന്നിട്ടും ഇതിന് മറ്റമില്ലേ എന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. പല്ല് പൊട്ടിയാല്‍ പ്രത്യേക പശ ഉപയോഗിച്ച് ശരിയാക്കുന്ന കാര്യം നാം കേട്ട് പരിചയിച്ച ഒന്നാണ്. എല്ലുകളുടെ കാര്യത്തില്‍ അത് സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഗവേഷകരെത്തി കഴിഞ്ഞു.
എല്ലുകള്‍ ഒടിഞ്ഞാല്‍ അത് കൂട്ടി ചേര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള പശ കണ്ടെത്തുന്ന പരീക്ഷണത്തിലാണ് ഗവേഷകര്‍. അത് അവസാന ഘട്ടത്തിലെത്തി എന്നതും നമുക്ക് സന്തോഷ വാര്‍ത്തയാണ്. സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെയും കരോലിന്‍സ്‌ക മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇതിന് പിന്നിലുള്ളത്. പശ ദന്ത ചികിത്സയില്‍ ഉപയോഗിക്കുന്നതിന് സമാനമായുള്ളതാണെന്നാണ് സൂചന. ജലത്തിന്റെയും ഓക്‌സിജന്റെയും സമ്പര്‍ക്കത്തില്‍ ഇതിന് കട്ടി കൂടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എലികളില്‍ പരീക്ഷിച്ച് വിജയം കണ്ടിരുന്നു. ഇത് ചികിത്സാ രംഗത്ത് വരുന്നതോടെ പ്രായമേറിയവരുള്‍പ്പടെയുള്ളവര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് നിഗമനം.
മൂന്നു ലെവലായാണ് പശ ഉപയോഗിക്കുന്നത്. പ്രൈമര്‍ പോലുള്ള ഘടകം ആദ്യം എല്ലുകളുടെ ഭാഗത്ത് പുരട്ടും. പിന്നീട് നാരുകള്‍ ചേര്‍ന്ന ഭാഗം പരുക്ക് പറ്റിയ ഭാഗത്ത് ഒട്ടിക്കും. അവസാന പാളി കൂടി ഇതിന് മുകളില്‍ പിടിപ്പിച്ച് എല്‍ഇഡി വെളിച്ചത്തില്‍ പശ ഉണക്കുകയും ചെയ്യും.
Post Your Comments