KeralaLatest News

ഗവേഷണങ്ങൾ പൊതുസമൂഹത്തിന് ഉപയോഗപ്രദമാക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം : സർവകലാശാലകളിലുണ്ടാകുന്ന ഗവേഷണങ്ങൾ കണ്ണാടിക്കൂട്ടിലുറങ്ങാതെ പൊതുസമൂഹത്തെ രക്ഷിച്ചെടുക്കാനുള്ളതാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായ സ്‌കൂൾ ഓഫ് ഹെർത്ത് പോളിസി ആന്റ് പ്ലാനിംഗ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഗവേഷണങ്ങളുടെ രീതിശാസ്ത്രവും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാകണമെന്നും മന്ത്രി പറഞ്ഞു. സാംക്രമിക രോഗങ്ങളുടെ പ്രതിരോധ മേഖലയിൽ ഗവേഷണങ്ങൾ ഉണ്ടാകണം. വിദ്യാർത്ഥി സൗഹൃദമായ പഠനം സാധ്യമാക്കാനും ആരോഗ്യ മേഖലയിലെ വിവിധ നയരൂപീകരണത്തിനും സ്‌കൂൾ ഓഫ് ഹെൽത്ത് പോളിസി സെന്ററിലൂടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളെയും സെന്റർ ഓഫ് എക്‌സലൻസ് ആക്കുമെന്നും മന്ത്രി പറഞ്ഞു.

ആറര കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നൂതന മാർഗ്ഗങ്ങൾ ഉപയോഗിച്ച് ആരോഗ്യപരിപാലന പദ്ധതികൾക്ക് രൂപം നൽകുന്നതിന് ആവശ്യമായ വിവരശേഖരണം, പരിപാലനം എന്നിവ കൃത്യമായി നടപ്പിലാക്കുക, ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പു വരുത്തുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം.

ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ.സി. നായർ അധ്യക്ഷത വഹിച്ചു. പ്രൊ. വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. നളിനാക്ഷൻ, ഡോ. തോമസ് മാത്യു, ഡോ. എഫ്.എം. ശശികല, ഡോ. കെ. രാജമോഹനൻ, പ്രൊഫ. ഡോ.എം.കെ. മംഗളം, നഗരസഭ ക്ഷേമകാര്യസമിതി ചെയർപേഴ്‌സൺ സിന്ധു. എസ്.എസ്. തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button