കൊച്ചി: എന്റെ യാത്രാവിവരണ പുസ്തകം അവനാണ് എഴുതി സഹായിച്ചത്. അതിനായി എന്റെ വീട്ടിലേക്കു വരും. സീന അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കും. അതു കഴിക്കുമ്പോഴും ‘ഹോസ്റ്റലിലെ കൂട്ടുകാരാരും കഴിച്ചിട്ടുണ്ടാവില്ല’ എന്ന് അവന്‍ പറയും. അവനോളം പാവമായി ഞാനാരെയും കണ്ടിട്ടില്ല. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ബ്രിട്ടോ, അഭിമന്യുവിനെ കുറിച്ച് പറയുന്നത് ആരുടെയും കണ്ണുകള്‍ ഈറനണിയിപ്പിക്കും.
Also Read : മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
അവധിദിവസം നാട്ടിലേക്കു പോവാത്തതെന്തെന്ന് ഞാന്‍ ചോദിച്ചാല്‍ പൈസ വേണ്ടേ സഖാവേ’ എന്ന് അവന്‍ മറുപടി പറയും. പണമില്ലായിരുന്നു അവന്റെ കൈയില്‍. അഭിമന്യുവിന്റെ ശരീരം സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലും പൊതുദര്‍ശനത്തിനെത്തിച്ച മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിനു മുന്നിലും നിറകണ്ണുകളോടെ വീല്‍ച്ചെയറിലിരുന്ന് സൈമണ്‍ ബ്രിട്ടോയെത്തിയപ്പോഴും അവന്‍ മരിച്ചതായി അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അഭിമന്യുവിന്റെ ശരീരം പുറത്തേക്കെടുത്തപ്പോള്‍ ബ്രിട്ടോയുടെ അരികില്‍ ഒരുനിമിഷം നിര്‍ത്തി. കസേരയില്‍ നിന്നാഞ്ഞ് പ്രിയ ശിഷ്യന് ലാല്‍സലാം പറയുമെന്ന് അവിടെ കണ്ടുനിന്ന എല്ലാവരും കരുതിയെങ്കിലും ബ്രിട്ടോയുടെ പ്രതികരണം തിരിച്ചായിരുന്നു. അന്ത്യചുംബനത്തോടെ ബ്രിട്ടോ അഭിമന്യുവിനെ യാത്രയാക്കി.
ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വിനെ കൊലപ്പെടുത്തിയത്. കൊല്ലം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അര്‍ജുന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് അഭിമന്യു.
Post Your Comments